സമൂഹവ്യാപനം നമുക്ക് മുന്നില്‍ ഭീഷണിയായി നില്‍ക്കുന്നു: മുഖ്യമന്ത്രി

post

തിരുവനന്തപുരം : സമൂഹവ്യാപനം നമുക്ക് മുന്നില്‍ ഭീഷണിയായി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആവശ്യമായ കരുതല്‍ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പില്‍ ലോക്ക്ഡൗണ്‍, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തില്‍ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്.

കേരളത്തില്‍ ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യയില്‍ ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ 40 ശതമാനമാണ്. കേരളത്തില്‍ ജൂണ്‍ 30 വരെയുണ്ടായ 4442 കേസുകളില്‍ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തില്‍ അറിയാന്‍ സാധിക്കാതിരുന്നത്. ഇതില്‍ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ളവയും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊന്നാനിയിലെ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായെന്നും ഇവിടത്തെ നിയന്ത്രണം ഒഴിവാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവിടെ ജാഗ്രത തുടരണം. കണ്ടെയ്ന്‍മെന്റ് സോണിന്റെ എല്ലാ കാര്‍ക്കശ്യത്തോടെയുമുള്ളള സമീപനം ഉണ്ടാവണം.

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ പലതിന്റേയും ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റും നിരവധി ഓഫീസുകളും ഉളള ഇവിടെ പല സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ വരുന്നത്. അവര്‍ക്ക് രോഗം വന്നാല്‍ വളരെപ്പെട്ടെന്ന് പല സ്ഥലങ്ങളിലേക്ക് ബാധിക്കും. ഇപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കൈവിട്ടു പോയെന്നുവരും. അതിനാലാണ് സമൂഹവ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗം ബാധിച്ചവരെ കണ്ടെത്താന്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട്. പൂന്തുറ, വലിയതുറ, ഫോര്‍ട്ട്, ആറ്റുകാല്‍, മണക്കാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഇതില്‍ പോസിറ്റീവായ കുറച്ചു പേരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെ ക്വാറന്റൈനിലാക്കി. ഈ മേഖലയില്‍ രോഗലക്ഷണം കാണുന്ന എല്ലാവരെയും പരിശോധിക്കും. മെഡിക്കല്‍ റെപ്രസെന്റേറ്റീവ്, മത്സ്യക്കച്ചവടക്കാര്‍, ഭക്ഷ്യവിതരണക്കാര്‍ തുടങ്ങിയവരെ പരിശോധിക്കും.

മേയ് മൂന്നുവരെ 17 പേര്‍ക്കായിരുന്നു തിരുവനന്തപുരത്ത് രോഗം ബാധിച്ചത്. ഇതില്‍ 12 പേര്‍ കേരളത്തിന് പുറത്ത് നിന്ന് വന്നതും അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതുമായിരുന്നു. മേയ് നാലു മുതല്‍ ഇതുവരെ 277 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 216 പേര്‍ കേരളത്തിന്പുറത്തു നിന്ന് വന്നവരാണ്. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായി. മണക്കാട്, പൂന്തുറ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ. അത്യാവശ്യ ഘട്ടങ്ങളില്‍ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാന്‍ അനുമതി നല്‍കും. മറ്റു ജില്ലകളില്‍ നിന്നുള്ള രോഗികളെ നഗരത്തിലെ സ്‌പെഷ്യലൈസ്ഡ് ആശുപത്രികളിലേക്ക് മാറ്റുന്നതു പോലെയുള്ള കാര്യങ്ങളാണ് അനുവദിക്കുക. പലചരക്കു കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാവിലെ 11 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. സാധനം വാങ്ങാന്‍ പോകുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതണം.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മംഗലാപുരത്തേക്കും തിരികെയും ദിവസേനയുളള യാത്ര അനുവദിക്കാനാവില്ല. ജോലിയുമായി ബന്ധപ്പെട്ട് ദിവസവും പോകുന്നവര്‍ മാസത്തില്‍ ഒരു തവണ മാത്രം അതിര്‍ത്തി കടക്കുന്ന വിധത്തില്‍ ക്രമീകരിക്കണം. ഐ.ടി മേഖലയില്‍ മിനിമം പ്രവര്‍ത്തനം അനുവദിക്കും. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഇതിന് പരിഹാരം കാണും. മന്ത്രിമാരുടെ ഓഫീസുകള്‍ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കും.

രോഗം ഭേദമായവര്‍ ഡിസ്ചാര്‍ജായ ശേഷം ഉടന്‍ തന്നെ സമൂഹത്തില്‍ സ്വതന്ത്രമായി സഞ്ചരിക്കരുത്. കുറച്ചു ദിവസം വീട്ടില്‍ തന്നെ കഴിയണം. മരണമടഞ്ഞവരുടെ പരിശോധന വേഗം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.