ഇനി ഞാനൊഴുകട്ടെ; ജില്ലയില്‍ നീര്‍ച്ചാല്‍ ശുചീകരണം ഊര്‍ജിതം

post

കോട്ടയം: ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി ഹരിത  കേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നീര്‍ച്ചാലുകളുടെ ശുചീകരണം ഊര്‍ജിതം. കോട്ടയം നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ഇറഞ്ഞാല്‍ പുഴ ശുചീകരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ശുചിത്വ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. നഗരസഭ മുന്‍ അധ്യക്ഷന്‍ കെ.ആര്‍.ജി. വാര്യര്‍ പുഴ ഓര്‍മ പങ്കുവച്ചു.

വൈസ് ചെയര്‍പേഴ്‌സണ്‍ സൂസണ്‍ കുഞ്ഞുമോന്‍, കൗണ്‍സിലര്‍മാരായ സാലി മാത്യൂസ്, ടി.സി. റോയ്, ടി.എന്‍. ഹരികുമാര്‍,  കുഞ്ഞുമോന്‍ കെ. മേത്തര്‍, രേഖ രാജേഷ്,  ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, മുനിസിപ്പല്‍ സെക്രട്ടറി ഇ.ടി. സുരേഷ്‌കുമാര്‍, ഇറഞ്ഞാല്‍ റസിഡന്റ്്‌സ് അസോസിയേഷന്‍  പ്രസിഡന്റ് എന്‍.വി. പ്രദീപ്കുമാര്‍, വടാമറ്റം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് കെ. ജോസഫ്,  സജിത്ത് വര്‍മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അജിത ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി പദ്ധതി വിശദീകരിച്ചു. 

നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് നിലച്ച  ചാത്തനാട് മാന്തുരുത്തി തോടിന്റെ നവീകരണവും പൂര്‍ത്തിയായി. ഒന്ന്, രണ്ട്, നാല്, 12 വാര്‍ഡുകളിലായി  ഒഴുകുന്ന തോടിന്റെ മൂന്നു കിലോമീറ്റര്‍ ഭാഗമാണ് ശുചീകരണം നടത്തിയത്.