കിഫ്ബി ധനസഹായത്തോടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

post

ആലപ്പുഴ: സംസ്ഥാന ഫിഷറിസ് വകുപ്പ്  കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. വീഡിയോ കോണ്‍ഫറന്‍സ് മുഖന്തിരം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു.  ആലപ്പുഴ ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലായി 5 സ്‌കൂളുകള്‍ക്കായി 8.38 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.  തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്‌കൂളിലും വിദ്യാര്‍ഥികളുടെ അനുപാതികാടിസ്ഥാനത്തില്‍ ക്ലാസ്സ്മുറികള്‍, സ്റ്റാഫ് മുറികള്‍, ലാബുകള്‍, ശുചിമുറികള്‍ എന്നിവ ഒരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓരോ സ്‌കൂളിലും ഒത്തുചേര്‍ന്ന്  നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

പദ്ധതി നടപ്പിലാക്കുന്ന കാര്‍ത്തികപ്പള്ളി ഗവ. യു. പി സ്‌കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചേര്‍ന്ന ഉദ്ഘാടന യോഗത്തിന് എസ് എം സി അംഗം  സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാമിനി എന്‍ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  2.01 കോടി  രൂപ മുടക്കി 11 ക്ലാസ് മുറികള്‍, 1 സയന്‍സ് ലാബ്, 1 കമ്പ്യൂട്ടര്‍ റൂം, 1 ലൈബ്രറി കം റീഡിംഗ് റൂം , 4 ടോയ് ലറ്റ്, യൂറിനല്‍ ,വാഷിംഗ് ഏരിയ എന്നിവ ഉള്‍ക്കൊള്ളുന്ന ഇരുനില കെട്ടിടമാണ് നിര്‍മിക്കുന്നത്. പ്രഥമാദ്ധ്യാപകന്‍ ശിവദാസ്. ജെ സ്വാഗതം പറഞ്ഞ യോഗത്തില്‍ ചിങ്ങോലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീല കെ,  ഹരികുമാര്‍.ജി, രാജി, അശ്വതി തുളസി, കെ.എസ്.സി.എ. ഡി.സി ഓവര്‍സീയര്‍ സുജിത്ത് ലാല്‍ , എച്ച്.എം. ഫോറം കണ്‍വീനര്‍ ശ്രീ. നാഗദാസ് . എസ് , അദ്ധ്യാപകരായ ശ്രീമതി മറിയാമ്മ. എസ് , ശ്രീ രമേഷ്.ആര്‍, മുഹമ്മദ് ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

പദ്ധതി നടപ്പാക്കുന്ന കുട്ടനാട് തകഴി  മെമ്മോറിയല്‍  സ്‌കൂളിലെ  യോഗത്തില്‍ കായംകുളം എം എല്‍ എ യു പ്രതിഭ മുഖ്യതിഥിയായിരുന്നു . തുടര്‍ന്ന് നടന്ന യോഗത്തിന് എസ്.എം. സി. ചെയര്‍മാന്‍ ശ്രീകുമാര്‍  അദ്ധ്യക്ഷത വഹിച്ചു.തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  90.38 ലക്ഷം  രൂപ മുടക്കി 4 ക്ലാസ് മുറികള്‍, 1 സയന്‍സ് ലാബ്, 1 കമ്പ്യൂട്ടര്‍ റൂം, 1 ലൈബ്രറി കം റീഡിംഗ് റൂം ,  യൂറിനല്‍  എന്നിവ ഉള്‍ക്കൊള്ളുന്ന ഒറ്റനില  കെട്ടിടമാണ് നിര്‍മിക്കുന്നത്. പ്രഥമാദ്ധ്യാപിക ഗീതാകുമാരി ടീച്ചര്‍,   പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമ ബിജു, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കെ പ്രകാശന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി സിന്‍ഡ്രല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

കിഫ്ബി ധനസഹായത്തോടെ  ആര്യാട് നോര്‍ത്ത് ഗവണ്മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളിന് പുതിയ കെട്ടിടം.  സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എ ഇ ഒ മധുസൂദനന്‍ നായര്‍, വാര്‍ഡ് അംഗം സുധര്‍മ്മ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു ലളിതമായി പരിപാടിയില്‍ ഉദ്ഘാടനചടങ്ങ് ഓണ്‍ലൈന്‍ ആയി പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. സന്തോഷ്, മുന്‍ എച്ച്. എം ഷാജി, പി ടി എ പ്രസിഡന്റ് അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിപ്പാട് മണ്ഡലത്തില്‍ കാര്‍ത്തികപ്പള്ളി ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍-2,0121312  രൂപയും കുട്ടനാട് തകഴി മെമ്മോറിയല്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ 90,37779-രൂപയും, കുട്ടനാട് വീയപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍- 1,62,19758 രൂപയും ആര്യാട് നോര്‍ത്ത് ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍-85,13593 രൂപയും അരൂര്‍ കോടംതുരുത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍- 2,99,34373 രൂപയും  ഈ പദ്ധതി വഴി അനുവദിച്ചിട്ടുണ്ട്.