ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ദേശീയ സരസ് മേള

post

കണ്ണൂര്‍ : മാങ്ങാട്ട് പറമ്പില്‍ നടക്കുന്ന ദേശീയ സരസ് മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. രണ്ടാം ദിനമായ ശനിയാഴ്ച അര ലക്ഷത്തിലേറെ പേരാണ് മേളനഗരിയിലെത്തിയത്. ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ സൂക്ഷ്മ ചെറുകിട സംരഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 252 സ്റ്റാളുകള്‍ അണിനിരന്നു.

  നഗരത്തിരക്കുകളില്‍ നിന്ന് മാറി തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് മേളനഗരി ഒരുക്കിയിരിക്കുന്നത്. ജനപങ്കാളിത്തവും ഏറെ അതിശയിപ്പിക്കുന്ന രീതിയിലാണ്. കേരളത്തിന് പുറമെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 53 സ്റ്റാളുകള്‍ മേളയിലുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മിസോറാം, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഗോവ, തെലുങ്കാന, കാശ്മീര്‍, പഞ്ചാബ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുകിട സംരഭകരും, കരകൗശല വിദഗ്ധരും അവരുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായാണ് മേളയിലെത്തിയത്. ഇതിന് പുറമ കുടുംബശ്രീ മാതൃകയില്‍ ഒരുക്കിയിട്ടുള്ള ഫുഡ് കോര്‍ട്ടും മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഇന്ത്യയുടെ രുചിഭേദങ്ങള്‍ അറിയാന്‍ വന്‍തിരക്കാണ്  ഫുഡ്‌കോര്‍ട്ടുകളില്‍ അനുഭവപ്പെട്ടത്.  

സ്റ്റാളുകള്‍ക്കൊപ്പം മേളയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (നിഫ്റ്റ്) നേതൃത്വത്തില്‍ ഡിസൈന്‍ എഡ്യുക്കേഷന്‍ ഇന്ത്യ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അപ്പാരല്‍, തയ്യല്‍ത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം പേര്‍ സെമിനാറില്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചനാ മത്സരവും, പേരാവൂര്‍, ഇരിക്കൂര്‍ ബ്ലോക്കുകളുടെ വിവിധ കലാപരിപാടികളും സാംസ്‌കാരിക സദസ്സും ഒറപ്പൊടി സംഘത്തിന്റെ നാട്ടുല്‍സവം മെഗാ ഷോയും അരങ്ങേറി. 12 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഇത്തവണ 10 കോടിയിലധികം രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.