കോവിഡ് പ്രതിരോധം: അടൂരില്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും

post

പത്തനംതിട്ട : കോവിഡ് 19  രോഗവ്യാപനം തടയുന്നതിന്  പ്രതിരോധ പ്രവര്‍ത്തങ്ങള്‍  ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി  അടൂര്‍ ശ്രീമൂലം, പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍  ചിറ്റയം ഗോപകുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം മാര്‍ക്കറ്റ് ദിവസങ്ങളില്‍ രാവിലെ മാര്‍ക്കറ്റ് പ്രദേശങ്ങളിലും അടൂരിലും ഏഴംകുളത്തും കോവിഡ് ജാഗ്രതാ അനൗണ്‍സ്മെന്റുകള്‍  നടത്തുന്നതിനും  തെര്‍മല്‍ സ്‌കാനര്‍  ഉപയോഗിച്ച്  വാഹന ജീവനക്കാരുടെ  താപനില അളക്കാനും  അടൂര്‍ നഗരസഭയെ  ചുമതലപ്പെടുത്തി.  

മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങള്‍ ഒരു നേരം ഒരു വാഹനം കടന്നു പോകുന്ന രീതിയില്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി. റവന്യു സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ എത്തുന്ന വാഹന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനും അടൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍  വാഹനങ്ങള്‍ അണുനശീകരണം നടത്താനും തീരുമാനമായി.  അടൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നതിന്  പോലീസ് വിന്യാസം ഉറപ്പാക്കാന്‍ അടൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

റവന്യു ഡിവിഷനല്‍ ഓഫീസര്‍ എസ്. ഹരികുമാര്‍, അടൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആര്‍. ബിനു, അടൂര്‍ തഹസീല്‍ദാര്‍ ബീന. എസ്. ഹനീഫ്, അടൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ ആര്‍ എം ഒ ഡോ.ബി.എന്‍. നിഷാദ്, അടൂര്‍ കെ. വി. വി ഇ. എസ് ജോര്‍ജ് ബേബി, അടൂര്‍ കെ. വി. വി. എസ് അബുബക്കര്‍, അടൂര്‍ നഗരസഭ സൂപ്രണ്ട് ഷെജു ജോര്‍ജ്, അടൂര്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി വിനോദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.