ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം എട്ടാം വര്‍ഷത്തിലേക്ക്

post

കോഴിക്കോട്:  ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്. പൊതു സമൂഹത്തിന് നിരവധി നേട്ടങ്ങളാണ് സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ ലഭ്യമായത്. വൃക്ക തകരാറിലായവരുടെ തുടര്‍ചികിത്സാ ധനസഹായം, വൃക്ക മാറ്റിവെച്ചവര്‍ക്കുള്ള സൗജന്യ മരുന്നുകള്‍, മാനസിക രോഗികളുടെ ചികിത്സ, അഗതികളായ എച്ച്.ഐ.വി ബാധിതരുടെ സംരക്ഷണം, വൃക്കരോഗ നിര്‍ണയത്തിനുള്ള ഏര്‍ലി ഡിറ്റക്ഷന്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ഉള്‍പ്പെടെ 14 കോടി രൂപയാണ് സ്‌നേഹസ്പര്‍ശം പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. 
 
അനുദിനം വൃക്കരോഗികള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ തുടര്‍ ചികിത്സാ ചെലവ് താങ്ങാനാവാതെ ജില്ലയിലെ സാധാരണ കുടുംബങ്ങള്‍ക്ക് സ്‌നേഹസ്പര്‍ശം നല്‍കുന്ന ധനസഹായം പ്രതിമാസം 3000 രൂപയാണ്. വൃക്ക മാറ്റിവെച്ചവര്‍ക്ക് പൊതുമാര്‍ക്കറ്റില്‍ 4500നു മേലെ വിലവരുന്ന മരുന്നുകളും തീര്‍ത്തും സൗജന്യമായി നല്‍കുന്നുണ്ട്. 5,731 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. രോഗികളെ സഹായിക്കുന്നതോടൊപ്പം രോഗം തടയാനും തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സ എളുപ്പവും ചെലവു കുറഞ്ഞതുമാക്കാന്‍ സ്വകാര്യ സംരഭങ്ങളുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മൊബൈല്‍ ക്ലിനിക്കിന്റെ സേവനവും ലഭ്യമാക്കുന്നുണ്ട്. 
 
ജില്ലയിലെ ഏത് ഭാഗത്തുള്ളവര്‍ക്കും 954403222 എന്ന നമ്പറില്‍ വിളിച്ച് സൗജന്യ സേവനം ബുക്ക് ചെയ്യാം. എല്ലാ സ്‌കൂളിലും ഈ ക്യാമ്പ് കുട്ടികളില്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തുന്നു. സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ ഡയാലിസിസ് ചെയ്യുന്നവരും, സഹായം ലഭിക്കുന്നവരുമായവരുടെ സംഗമം ഒക്ടോബര്‍ 26ന് വെള്ളിമാടുകുന്ന് ജെഡിടിയില്‍ നടക്കും.