ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യം :മന്ത്രി ടി പി രാമകൃഷ്ണന്‍

post

കോഴിക്കോട്: എല്ലാ ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന നിലപാടാണ് ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. കൊളാരക്കുറ്റി കുഞ്ഞമ്മദ് മാസ്റ്റര്‍ സ്മാരക ഗവ. ഹോമിയോ ഡിസ്പന്‍സറി കെട്ടിട ഉദ്ഘാടനം നമ്പ്രത്തുകരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഓരോ കുടുംബത്തിലും മെഡിക്കല്‍ സര്‍വീസ് എത്തിക്കുക എന്ന ഒരു പൊതു ലക്ഷ്യം സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ രൂപീകരണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രമായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കിഴരിയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് പതിനഞ്ചു ലക്ഷം രൂപ എന്‍എച്ച്എം വഴി ചെലവഴിക്കുന്നുണ്ട്. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുകോടി 45 ലക്ഷം രൂപ നല്‍കാന്‍  തീരുമാനിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.

പുഴകളിലും നദികളിലും മണലും ചെളിയും അടിഞ്ഞു കിടക്കുന്നത് ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ്. ദുരന്തനിവാരണ വിഭാഗം   ഇവ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് ഇതിനായി  നടപടിയെടുക്കും. ഇതുവഴി നിരവധി ആളുകള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.