അങ്കണവാടികള്‍ വഴി കുട്ടികള്‍ക്ക് 5500 ന്യൂട്രിബാറുകള്‍ ലഭ്യമാക്കും
കുട്ടികളിലെ പോഷകക്കുറവ് പരിഹാരിക്കാന്‍ തേനമൃത്
കൊല്ലം : കുട്ടികളിലെ പോഷക കുറവ് പരിഹരിക്കുന്നതിന് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ വഴി 5500 ന്യൂട്രിബാറുകള്‍ നല്‍കും. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി തയ്യാറാക്കിയ തേനമൃത് ന്യൂട്രിബാറുകളുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍വഹിച്ചു.
ജില്ലയില്‍ 21 ഐ സി ഡി എസ് പ്രോജക്ടുകളിലായി 268 പോഷകക്കുറവുള്ള കുട്ടികളാണുള്ളത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികളിലെ അടിസ്ഥാന പോഷകാഹാര കുറവുകള്‍ പരിഹരിച്ച് പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് പര്യാപ്തമായ രീതിയിലുള്ളതാണ് ന്യൂട്രിബാറുകള്‍. പോഷകസമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയാബീന്‍, അരി, ഗോതമ്പ്, ശര്‍ക്കര, പരിപ്പ്, ചോളം, പഞ്ചസാരലായനി തുടങ്ങി പന്ത്രണ്ടോളം ചേരുവകള്‍ ചേര്‍ന്നതാണിവ. ഇതിലൂടെ പോഷകന്യൂനതയുള്ള കുട്ടിക്ക് ദിവസേന 439.65 കിലോ കലോറി ഊര്‍ജ്ജം, 15.05 ഗ്രാം പ്രോട്ടീന്‍, 13.21 ഗ്രാം കൊഴുപ്പ്, 5.23 മില്ലിഗ്രാം ഇരുമ്പ്, 238.71 ഗ്രാം കാല്‍സ്യം തുടങ്ങിയവ ലഭിക്കും. സംസ്ഥാനത്ത് പോഷകാഹാരക്കുറവ് കാരണം ഭാരക്കുറവുള്ള 5537 കുട്ടികളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വനിതാ ശിശു വികസന വകുപ്പ് ഇത്തരത്തിലൊരു പരിഹാരമാര്‍ഗവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, എന്‍ എന്‍ എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.