ആനക്കല്ല് ഗവ. ട്രൈബൽ വെൽഫയർ ഹൈസ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പാലക്കാട്:ആനക്കല്ല് ഗവ. ട്രൈബൽ വെൽഫയർ ഹൈസ്കൂളിൽ പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ട്രൈബൽ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ആനക്കല്ല് സ്കൂളിൽ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് പുതിയ കെട്ടിടം നിർമ്മിച്ചതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മലമ്പുഴ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ ഒറ്റപ്പെട്ടുകിടക്കുന്ന ആനക്കല്ല് മേഖലയിലെ പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടുന്ന വിധം സ്കൂളിൽ വികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും സ്ഥലം എം.എൽ.എയുമായ വി.എസ് അച്യുതാനന്ദൻ സ്കൂളിന്റെ പ്രവർത്തനത്തിൽ പ്രത്യേക ശ്രദ്ധ നൽകിയെന്നതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2017 -18 വർഷത്തിലാണ് ജില്ലാ പഞ്ചായത്ത് സ്കൂൾ കെട്ടിട നിർമ്മാണം ആരംഭിച്ചത്. പഞ്ചായത്തിന്റെ ഹരിശ്രീ പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് നിലകളിലായി 2200 ചതുരശ്രയടിയിൽ 4 ക്ലാസ് മുറികളുള്ള കെട്ടിടം പൂർത്തിയാക്കിയത്.
പരിപാടിയിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം കെ.രാജൻ, വൈസ് പ്രസിഡന്റ് സാലി വർഗീസ്, പഞ്ചായത്തംഗങ്ങളായ തോമസ് വാഴപ്പിള്ളിൽ, ഉണ്ണികൃഷ്ണൻ , സ്കൂൾ പ്രധാനാധ്യാപിക ബിന്ദു എന്നിവർ പങ്കെടുത്തു.