സംസ്ഥാന സ്‌കൂൾ കായികമേള ഈ വർഷവും ഒളിമ്പിക്‌സ് മാതൃകയിൽ; ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

post

ഒക്ടോബർ 21ന് ആരംഭിക്കുന്ന മേളയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡർ

സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.'തങ്കു' എന്ന മുയൽ ആണ് ഈ വർഷത്തെ ഭാഗ്യചിഹ്നം .  ഇന്ത്യൻ ക്രിക്കറ്റ് തരാം സഞ്ജു സാംസണിനെ  സ്‌കൂൾ ഒളിമ്പിക്‌സിന്റെ ബ്രാൻഡ് അംബാസിഡറായി മന്ത്രി പ്രഖ്യാപിച്ചു. 

മുൻ വർഷത്തെ പോലെ തന്നെ 'സംസ്ഥാന സ്‌കൂൾ കായിക മേള 2025'  ഒളിമ്പിക്‌സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് ഒക്ടോബർ 21 മുതൽ 28 വരെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2024-ൽ ഒളിമ്പിക്‌സ് മാതൃകയിൽ കൊച്ചിയിൽ മേള  സംഘടിപ്പിച്ചിരുന്നു.

സ്‌കൂൾ കായിക മേളയിൽ അണ്ടർ 14, 17, 19  കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും ഉൾപ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകൾ ഒരുമിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്‌കൂൾ മീറ്റ് ഷെഡ്യൂളിന് അനുസൃതമായി 39  സ്‌പോർട്‌സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കുകയും ഗ്രൂപ്പ് 1 & 2  മത്സരങ്ങൾ കണ്ണൂർ, കൊല്ലം ജില്ലകളിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രൂപ്പ് 3 & 4 മത്സരങ്ങൾ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വരും ദിവസങ്ങളിൽ പൂർത്തിയാകും. ഈ മത്സരങ്ങളുടെ നാഷണൽ മത്സരങ്ങൾ സ്‌കൂൾ ഒളിമ്പിക്‌സിന് മുൻപ് നടത്താൻ എസ്.ജി.എഫ്.ഐ.  തീരുമാനിച്ചത് കൊണ്ടാണ് ഇവ നേരത്തെ നടത്തേണ്ടി വന്നത്.   

മുൻ വർഷത്തെക്കാൾ മികവോടെ  സ്‌കൂൾ ഒളിമ്പിക്‌സ് മേള സംഘടിപ്പിക്കുന്നതിനു സർക്കാർ / സർക്കാർ ഇതര സംവിധാനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതുണ്ട്.  തിരുവനന്തപുരം നഗരത്തിലെയും സമീപ  പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം നഗരമധ്യത്തിലെ സെൻട്രൽ സ്റ്റേഡിയമാണ് നിലവിൽ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്.  ഈ  സ്റ്റേഡിയത്തിൽ താത്കാലിക ഇൻഡോർ സ്റ്റേഡിയങ്ങൾ ജർമ്മൻ ഹാങ്ങർ പന്തൽ ഉപയോഗിച്ച് നിർമിച്ച് ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ  പോപ്പുലർ ആയിട്ടുള്ള 12 ഓളം കായിക ഇനങ്ങൾ ഒരുമിച്ച് സംഘടിപ്പിക്കുന്നു. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഒരുങ്ങുന്നത്.

ഏകദേശം ആറായിരത്തിലധികം കുട്ടികളെ സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ പ്രതീക്ഷിക്കുന്നുണ്ട്.മുൻ വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മത്സരങ്ങൾ ദേശീയ നിലവാരത്തിലുള്ള കളിസ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്. 

ഒളിമ്പിക്‌സ് മാതൃകയിൽ രണ്ടാമത് സംഘടിപ്പിക്കുന്ന 67-മത്   സ്‌കൂൾ കായികമേളയുടെ ഭാഗമായി വിവിധ പരിപാടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. വർണ്ണശബളമായ വിളംബര ഘോഷയാത്ര ഒരാഴ്ച മുമ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കൂടാതെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്, കായിക പ്രതിഭകൾ സംഗമിക്കുന്ന മാർച്ച് പാസ്റ്റ്,  രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയും ഈ കായിക മാമാങ്കത്തിനു മാറ്റുകൂട്ടും.

മുൻ സ്‌കൂൾ ഒളിമ്പിക്‌സ് വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് ഈ വർഷത്തെ പ്രധാന വേദിയിൽ സമാപിക്കുന്ന രീതിയിൽ ആകും ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നത്. ഇത്തവണ കുട്ടികളിൽ നിന്നാണ് ഒളിമ്പിക്‌സ് തീം സോംഗ് തെരഞ്ഞെടുക്കുന്നത്.  ഒളിമ്പിക്‌സ്, ഏഷ്യാഡ് തുടങ്ങിയ അന്താരാഷ്ട്ര സ്‌പോർട്‌സ് മേളകളിൽ അതത് രാജ്യങ്ങളുടെ സംസ്‌കാരം വിളിച്ചോതുന്ന പരിപാടികളാണ് ഉദ്ഘാടന വേളയിൽ സംഘടിപ്പിക്കാറുള്ളത്. ഇതു പോലെയായിരിക്കും സംസ്ഥാന സ്‌കൂൾ കായികമേളയുടെയും ഉദ്ഘാടന ചടങ്ങും.

ഉദ്ഘാടന ചടങ്ങിനൊപ്പമുള്ള മാർച്ച് പാസ്റ്റിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെ നാലായിരത്തി അഞ്ഞൂറ് പേർ പങ്കെടുക്കും. കൂടാതെ എസ്.പി.സി., എൻ.സി.സി. ബാൻഡ്, മാസ് ഡ്രിൽ എന്നിവയുടെ അകമ്പടിയും ഉണ്ടാകും.   

സ്വർണ്ണകപ്പ് ഘോഷയാത്ര, ദീപ ശിഖാ പ്രയാണം എന്നിവയ്ക്ക് ഒപ്പം തെരുവു നാടകങ്ങൾ, ഫ്‌ളാഷ് മോബുകൾ എന്നിവയും നടത്തും.  അതോടൊപ്പം കലാ സന്ധ്യകൾ, സാഹസിക കായിക ഇനങ്ങളുടെ പ്രദർശനം, സ്‌പോർട്‌സ് സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവലുകൾ, നൈറ്റ് ബാൻഡ് എന്നിവ കൂടി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

മത്സരങ്ങളുടെ പൂർണ്ണമായ ലൈവ് ടെലക്കാസ്റ്റ്  കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി നടത്തും.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി എണ്ണൂറോളം ഉദ്യോഗസ്ഥർ, മുന്നൂറ്റി അമ്പതോളം സെലക്ടർമാർ, രണ്ടായിരത്തോളം വോളണ്ടിയേഴ്‌സ്, ഇരുന്നൂറ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ചോളം  സ്‌കൂളുകളിൽ  പതിനെണ്ണായിരത്തിയഞ്ഞൂറോളം കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പ്രസ്തുത സ്‌കൂളുകളിലെയും ആവശ്യമെങ്കിൽ മറ്റ് സ്‌കൂളുകളിലെയും ബസ്സുകൾ കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി ഉപയോഗപ്പെടുത്തും. ഗതാഗത സൗകര്യത്തിനായി ഇരുന്നൂറോളം ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും കൂടാതെ ഉദ്യോഗസ്ഥർക്കുമായി  വിപുലമായ ഭക്ഷണ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

നഗരം കേന്ദ്രീകരിച്ചുള്ള വേദികളിലെ കുട്ടികൾക്ക് ഭക്ഷണത്തിനായി തൈക്കാട് പോലീസ് മൈതാനത്തിൽ വമ്പൻ അടുക്കളയും ഭോജനശാലയും ഒരുങ്ങും. കൂടാതെ ജി. വി. രാജാ സ്‌കൂൾ, പിരപ്പൻകോട്, തുമ്പ സെൻറ് സേവിയേഴ്‌സ്, കാലടി തുടങ്ങി നാല്  സ്ഥലങ്ങളിൽ കൂടി ഭക്ഷണ ശാലകൾ പ്രവർത്തിപ്പിക്കും. വെള്ളായണി കാർഷിക കോളേജിൽ കാലടിയിലെ ഭക്ഷണശാലയിൽ നിന്നാകും ഭക്ഷണം ലഭ്യമാക്കുക. എല്ലാ വേദികളിലും കൃത്യസമയത്ത് ഭക്ഷണം, വെള്ളം മറ്റു സൗകര്യങ്ങൾ എന്നിവ സമയബന്ധിതമായി ലഭ്യമാകുവാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.           

മത്സരത്തിൻറെ സുഗമമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതിയും പതിനാറ് സബ് കമ്മിറ്റികളും രൂപീകരിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തമ്പാനൂർ മാഞ്ഞാലിക്കുളത്തെ ശിക്ഷക് സദനിൽ സ്‌കൂൾ കായികമേളയുടെ സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് സംസ്ഥാന സർക്കാരിൻറെ എല്ലാ വകുപ്പുകളുടെയും സംസ്ഥാന ജില്ല സ്‌പോർട്‌സ് കൗൺസിൽ, ട്രിഡ, തിരുവനന്തപുരം കോർപ്പറേഷൻ, ടഅക, തിരുവനന്തപുരം ജില്ലാ ഭരണകൂടം തുടങ്ങിയവയുടെ സഹകരണവും ഏകോപനവും ആവശ്യമാണ്.

കഴിഞ്ഞ സ്‌കൂൾ കായിക മേളയിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കു കൂടി കായികമായ അവസരങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഇൻക്ലൂസീവ് സ്‌പോർട്‌സും നടത്തിയിരുന്നു. 67-മത് സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിലും ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇൻക്ലൂസീവ് സ്‌പോർട്‌സിൽ  ഇത്തവണ ആൺകുട്ടികൾക്കായി ക്രിക്കറ്റ്, പെൺകുട്ടികൾക്കായി ബോസെ എന്നിങ്ങനെ രണ്ട് കായിക ഇനങ്ങൾ കൂടി ഇൻക്ലൂസീവ് സ്‌പോർട്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ചന്ദ്രശേഖരൻ നായർ മൈതാനത്തിലും ഫുട്ബാൾ മത്സരം യുണിവേഴ്‌സിറ്റി മൈതാനത്തിലും ബാഡ്മിൻറൺ മത്സരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും ക്രിക്കറ്റ് മത്സരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും ഹാൻഡ് ബോൾ വെള്ളായണി കാർഷിക കോളേജ് മൈതാനത്തിലും ബോസെ മത്സരം സെൻട്രൽ സ്റ്റേഡിയത്തിലും നടക്കും. മുൻ വർഷത്തിൽ നിന്നും കൂടുതൽ സുഗമമായും കുട്ടികൾക്ക് യാതൊരു വിധത്തിലും ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതെയും ഈ മെഗാ ഈവൻറ് സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തുടക്കം കുറിച്ച് കഴിഞ്ഞു.  വ്യത്യസ്ത കഴിവുകൾ ഉള്ള ഈ കുട്ടികൾക്ക് ഇത്തവണയും യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ ഒളിമ്പിക്‌സ് മാതൃകയിലെ സംസ്ഥാന സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കും.

കേരള സംസ്ഥാന സിലബസ് പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ഏഴ് സ്‌കൂളുകളിലായി പഠിക്കുന്ന കുട്ടികളെ കഴിഞ്ഞ വർഷത്തെ  ഒളിമ്പിക്‌സ് മാതൃകയിലെ സ്‌കൂൾ കായിക മേളയിൽ പങ്കെടുപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തിരുന്നത് എങ്കിൽ ഇത്തവണ പെൺകുട്ടികൾ കൂടി പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. യു.എ.ഇയിലെ കേരള സിലബസിൽ പഠിക്കുന്ന കുട്ടികളിലെ സ്‌കൂൾ വിജയികളെ ഉൾപ്പെടുത്തി അവർക്കിടയിൽ ഒരു ക്ലസ്റ്റർ മത്സരം നടത്തുകയും വിജയികളെ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സ്‌കൂൾ ഒളിമ്പിക്‌സ് മീഡിയ റൂമിന്റെ ഉദ്ഘാടനം ഭഗസ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ  നിർവഹിച്ചു.  സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൻറെ പ്രമോ വീഡിയോയും മന്ത്രി പ്രകാശനം ചെയ്തു.

സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം തങ്കുവിൻറെ പ്രമോ വീഡിയോ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ് പ്രകാശനം ചെയ്തു.