അയ്യപ്പന് കര്‍പ്പൂരാഴി പൂജ അര്‍പ്പിച്ച് ദേവസ്വം ജീവനക്കാര്‍

post

ശബരിമല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ശബരീശന് കര്‍പ്പൂരാഴി സമര്‍പ്പിച്ചു. ദീപാരാധനയ്ക്ക് ശേഷം 6.45ന് കൊടിമരത്തിന് മുന്നില്‍നിന്നും കര്‍പ്പൂരാഴി തെളിയിച്ച് വര്‍ണശബളമായ ഘോഷയാത്രയോടുകൂടി ആരംഭിച്ച കര്‍പ്പൂരാഴി മാളികപ്പുറം ക്ഷേത്രം, വാവര്‍സ്വാമി നടവഴി സ്റ്റേജിനു മുന്‍പിലൂടെ പതിനെട്ടാംപടിയുടെ ചുവട്ടിലെത്തി അയ്യപ്പന് സമര്‍പ്പിച്ചു. നാദസ്വരം, തകില്‍, പാണ്ടിമേളം, തായമ്പക, ചെണ്ടമേളം തുടങ്ങിയ വാദ്യങ്ങള്‍ കര്‍പ്പൂരാഴിക്ക് ശ്രവ്യ വിസ്മയം തീര്‍ത്തു. അമ്മന്‍കുടം, കാവടി,മയിലാട്ടം, കരകാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ കര്‍പ്പൂരാഴി ഘോഷാ യാത്രക്ക് മിഴിവേകി.പുലിപ്പുറത്തേറിയ മണികണ്ഠന്‍, പന്തളരാജാവ്, വെളിച്ചപ്പാട്, വാവര്‍ സ്വാമി, പരമശിവന്‍, പാര്‍വതി, സുബ്രമണ്യന്‍, ഗണപതി, മഹിഷി, ഭദ്രകാളി, മഹാലക്ഷ്മി, ഗരുഡന്‍ തുടങ്ങിയ നിശ്ചല ദൃശ്യങ്ങള്‍ കര്‍പ്പൂരാഴി ഘോഷയാത്രക്ക് നയന മനോഹര കാഴ്ചയായി. മുത്തുക്കുടയേന്തിയ കലാപീഠം വിദ്യാര്‍ത്ഥികള്‍, താലമേന്തിയ കലാപീഠം വിദ്യാര്‍ത്ഥികള്‍,തീവെട്ടി,ഭജന സംഘം തുടങ്ങിയവര്‍ അയ്യപ്പ മന്ത്രങ്ങള്‍ ഉരുവിട്ട് കര്‍പ്പൂരാഴി ഘോഷയാത്ര ഭക്തി സാന്ദ്രമാക്കി.എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ് രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സന്ദീപ്കുമാര്‍,ദേവസ്വം പി.ആര്‍.ഒ സുനില്‍ അരുമാനൂര്‍, വിവിധ ദേവസ്വം എസ്.ഒമാര്‍ തുടങ്ങിയവര്‍ കര്‍പ്പൂരാഴി ഘോഷയാത്രക്ക് നേതൃത്വം നല്‍കി.