ജില്ലയില്‍ അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമായി

post

കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമായി. 800 ഓളം പേരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പരിയാരം ആയുര്‍വേദ കോളേജ്, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍ ഹോസ്റ്റല്‍, പാലയാട് ഡയറ്റ് ഹോസ്റ്റല്‍, അഞ്ചരക്കണ്ടി എംഐടി എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയ എന്നിവയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി സജ്ജമാക്കിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജുമായി ചേര്‍ന്നാണ് പരിയാരം ആയുര്‍വേദ കോളേജിലെ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 140 പേരെ ചികിത്സിക്കാനുള്ള സംവിധാനമുണ്ട്. അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഞ്ചരക്കണ്ടി എഞ്ചിനീയറിംഗ് കോളേജില്‍ 300 പേരെ ചികിത്സിക്കാനാകും. ഡയറ്റ് ഹോസ്റ്റല്‍ തലശ്ശേരി ജനറല്‍ ആശുപത്രിയുമായും സ്പോര്‍ട്സ് ഹോസ്റ്റല്‍ ജില്ലാ ആശുപത്രിയുമായും കേന്ദ്രീയ വിദ്യാലയ ആര്‍മി ഹോസ്പിറ്റലുമായും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കു പുറമെ, പരിയാരം ഐആര്‍സി ധ്യാനകേന്ദ്രം, തലശ്ശേരി എന്‍ടിടിഎഫ് ഹോസ്റ്റല്‍ എന്നിവ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, മട്ടന്നൂര്‍ പിആര്‍ എന്‍എസ്എസ് കോളേജ് ഹോസ്റ്റല്‍ എന്നിവ ഏറ്റെടുക്കുന്നതും പരിഗണനയിലാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ജില്ലയില്‍ തിരികെ എത്തുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിലവിലെ ആശുപത്രികള്‍ക്ക് പുറമെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തയ്യാറാക്കിയത്. ജില്ലാ ആശുപത്രി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ സേവനം അനുഷ്ഠിക്കുന്നത്. നാല് ഡോക്ടര്‍മാര്‍, ആറ് സ്റ്റാഫ് നഴ്സ്, ആറ് ട്രെയിനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി എന്നിവരുടെ സേവനം ഓരോ സെന്ററുകളിലും ലഭ്യമാക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോ- ഓപ്പറേഷന്‍ ലിമിറ്റഡില്‍ നിന്നുള്‍പ്പെടെയാണ് ഇവിടങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

നേരിയ രോഗലക്ഷണം പ്രകടമാക്കുന്ന കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന കൊവിഡ് രോഗികള്‍, രോഗലക്ഷണം ഇല്ലാതെ പോസിറ്റീവായ രോഗികള്‍ എന്നിവരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടിപ്പിക്കുന്നവരെ ആവശ്യമെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ രോഗലക്ഷണം കുറയുന്ന മുറയ്ക്ക് അവരെ ഫസ്റ്റ് ലൈന്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യും. നിലവില്‍ 31 പേരാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുള്ളത്.

അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റല്‍ എന്നിവയാണ് ജില്ലയിലെ പ്രധാന കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്.  ഇതിനു പുറമെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്.