കൃഷിയെ വ്യവസായമായി പരിഗണിക്കണം: സരസ് സെമിനാര്‍
കണ്ണൂര്‍ : കാര്‍ഷിക മേഖല വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് കൃഷിയെ വ്യവസായമായി പരിഗണിക്കണമെന്ന ആഹ്വാനവുമായി കാര്‍ഷിക സെമിനാര്‍. ദേശീയ സരസ് മേളയുടെ മൂന്നാം ദിനം കാര്‍ഷിക മേഖലയിലെ നൂതന സംരഭങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സെമിനാര്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് കര്‍ഷകരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും സാധിക്കണമെന്ന് ടി ലത പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തില്‍ കുടുംബശ്രീ ഉണ്ടാക്കിയ മാറ്റം വലുതാണ്. അടുക്കളയില്‍ നിന്ന് അയല്‍ക്കൂട്ടത്തിലേക്കും അവിടെ നിന്ന് പൊതുസമൂഹത്തിലേക്കുമുള്ള യാത്ര ഒരു പരിധിവരെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സ്ത്രീ ശാക്തീകരണത്തോടൊപ്പം സാമൂഹിക സാമ്പത്തിക ശാക്തീകരണം കൂടി സാധ്യമാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കാര്‍ഷിക മേഖലയില്‍ എന്ന വിഷയത്തില്‍ കുറ്റിയാട്ടൂര്‍ കൃഷി ഓഫീസര്‍ കെ കെ ആദര്‍ശ്, പച്ചക്കറി കൃഷിയും വിപണന സാധ്യതകളും എന്ന വിഷയത്തില്‍ കുറുമാത്തൂര്‍ കൃഷി ഓഫീസര്‍ രാമകൃഷ്ണന്‍ മാവില എന്നിവര്‍ ക്ലാസെടുത്തു. കൃഷിയെ വ്യവസായമായി പരിഗണിച്ചാല്‍ മാത്രമേ ഈ രംഗത്തെ മുന്നോട്ട് പോക്ക് സാധ്യമാകൂ എന്ന് കൃഷി ഓഫീസര്‍ കെ കെ ആദര്‍ശ് പറഞ്ഞു. ഹരിയാന, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ധനിക ജീവിതം നയിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കര്‍ഷകര്‍ ദാരിദ്ര്യം അനുഭവിക്കുകയാണെന്നും കൃഷിയെ വ്യവസായമായി കണക്കാക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനം, പ്ലാനിംഗ്, ഹൈബ്രിഡ് വിത്തിനങ്ങള്‍, വളപ്രയോഗം, എക്‌സ്‌പോര്‍ട്ടേഴ്‌സ് ലൈസന്‍സ് എന്നീ വിഷയങ്ങളും ക്ലാസില്‍ ചര്‍ച്ച ചെയ്തു. പച്ചക്കറികൃഷി എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ നടന്ന ക്ലാസില്‍ ടെറസിലെ പച്ചക്കറി കൃഷിയും നൂതന സാധ്യതകളും പരിചയപ്പെടുത്തി. ഇവയ്ക്ക് പുറമെ ജൈവ കൃഷി രീതികള്‍, കീടാണുക്കള്‍, രോഗങ്ങള്‍, സോളറൈസേഷന്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. ഇരുന്നൂറോളം കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു. വളപ്രയോഗം, ഹൈബ്രിഡ് വിത്തിനങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്കും ക്ലാസില്‍ വിദഗ്ധര്‍ മറുപടി നല്‍കി.
ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ ഷാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി വി അഖിലേഷ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സിമിയ എന്നിവര്‍ സംബന്ധിച്ചു.