സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കീം പരീക്ഷ

post

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) പരീക്ഷ ജില്ലയില്‍ നടന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ കുട്ടികളെ തെര്‍മല്‍ സ്‌കാനിംഗ് നടത്തിയ ശേഷമാണ് പരീക്ഷയ്ക്കു കയറ്റിയത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ പോലീസിനെ വിന്യസിച്ച് സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. പരീക്ഷയുടെ ഒന്നാംഘട്ടത്തിനു ശേഷം ശുചിമുറികള്‍ അണുവിമുക്തമാക്കി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പ്രത്യേക ജാഗ്ര പുലര്‍ത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസര്‍ നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി ജില്ലാ ഭരണകൂടത്തിന്റെ ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ സന്നദ്ധ സേവകര്‍ ഇവിടങ്ങളിലുണ്ടായിരുന്നു. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പരീക്ഷയ്ക്കെത്തിയവര്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കിയിരുന്നു. പരീക്ഷയ്ക്ക് മുന്നോടിയായി കോര്‍പറേഷന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സ്‌കൂള്‍ മുഴുവനായി അണുനശീകരണവും നടത്തിയിരുന്നു.