സരസ് മേള: വര്‍ണങ്ങള്‍ ചാലിച്ച് വിദ്യാര്‍ഥികള്‍

post

കണ്ണൂര്‍ : ദേശീയ സരസ് മേളയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഗവണ്‍മെന്റ്  എഞ്ചിനീയറിംങ് കോളേജ് ഹാളില്‍ നടന്ന മല്‍സരം പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ കണ്ണാടിപറമ്പ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സ്‌കൂളുകളില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നടത്തിയ പ്രാഥമിക മത്സരങ്ങളില്‍ നിന്നും വിജയികളായ 200 ഓളം കുട്ടികളാണ് ജില്ലാതല ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തത്. സരസിന്റെ ഉദ്ദേശലക്ഷ്യങ്ങളായ കുടുംബശ്രീ വിപണന യൂണിറ്റ്, നാടോടി കുടുംബങ്ങളുടെ കരകൗശല നിര്‍മ്മാണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം. വിജയികള്‍ക്കുള്ള സമ്മാനം സമാപന സമ്മേളനത്തില്‍ നല്‍കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ദിനേശ് ബാബു, കുടുംബശ്രി മീഡിയാശ്രീ അംഗം കെ പി സിന്ധു എന്നിവര്‍ സംസാരിച്ചു.