തൊഴില്‍ കണ്ടെത്താം സ്റ്റേറ്റ് ജോബ് പോര്‍ട്ടലിലൂടെ
തിരുവനന്തപുരം: മികച്ച തൊഴിലന്വേഷിച്ച് അധികം അലയേണ്ടതില്ല. തൊഴിലന്വേഷകര്‍ക്ക് വിരല്‍ത്തുമ്പില്‍ ജോലി തിരയാനവസരമൊരുക്കുകയാണ് കേരള സര്‍ക്കാരിന്റെ സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. പൊതുസ്വകാര്യ മേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ അറിയാന്‍ സര്‍ക്കാറിന്റെ ജോബ് പോര്‍ട്ടലിലൂടെ സാധിക്കും. ഇതിലേക്കായുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പോര്‍ട്ടല്‍ അഡ്രസ് - statejobportal.kerala.gov.in
തൊഴില്‍ അന്വഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ഒരുപോലെ ഉപയോദപ്രദമാണ് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. യോഗ്യത, ജോലി സ്ഥലം, ജോലിയുടെ സ്വഭാവം, ഉദ്യോഗസ്ഥര്‍ വഹിക്കേണ്ട ഉത്തരവാദിത്തം, ഒഴിവുകളുടെ എണ്ണം, ശമ്പളം തുടങ്ങിയവ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ അതത് തൊഴില്‍ദാതാക്കള്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നും നമുക്കിണങ്ങിയ ജോലി അനായാസം തിരഞ്ഞെടുക്കാനാകും.
വിവിധ മേഖലകളില്‍ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും തൊഴില്‍ രംഗങ്ങളില്‍ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകജാലക സംവിധാനമാണ് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍. കെല്‍ട്രോണ്‍, എന്‍ട്രി ആപ്പ്, ചിക്കിങ്, ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ്, ഇന്റസ് മോട്ടോഴ്‌സ് തുടങ്ങി 150-ല്‍പ്പരം തൊഴില്‍ ധാതാക്കളാണ് നിലവില്‍ പോര്‍ട്ടലിലുള്ളത്. ഇതുവരെ 62,903 പേരാണ് സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ വഴി തൊഴില്‍ തേടിയിട്ടുള്ളത്.