തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു

post

പത്തനംതിട്ട : ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. ഇന്ന്(23) രാവിലെ ഏഴിനാണ് അയ്യപ്പഭക്തരുടെ ശരണംവിളികള്‍കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ആറന്മുളയില്‍ നിന്നും രഥം പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികാരികള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചിരുന്നു. തുടര്‍ന്ന് സായുധ പോലീസിന്റെ അകമ്പടിയില്‍ തങ്കഅങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു ശബരിമല ക്ഷേത്ര മാതൃകയില്‍ തയാറാക്കിയ രഥത്തിലേക്ക് തങ്കഅങ്കി വച്ചു. ഘോഷയാത്ര 26ന് വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി 1973ല്‍ നടയ്ക്കുവച്ചത്. തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെടുമ്പോള്‍ വന്‍ജനാവലിയാണ് ആറന്മുളയിലുണ്ടായിരുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെമ്പര്‍മാരായ എന്‍.വിജയകുമാര്‍, കെ.എസ്. രവി, കമ്മീഷണര്‍ ബി.എസ്.തിരുമേനി, മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസിന്റെ സായുധസംഘമാണ് പ്രത്യേക വാഹനത്തില്‍ തങ്കഅങ്കി ഘോഷയാത്രയെ അനുഗമിക്കുന്നത്.