ഇനി ഞാന്‍ ഒഴുകട്ടെ ജനകീയ ക്യാമ്പയിന് സമാപനം

post

കൊല്ലം : നീര്‍ചാലുകളുടെയും ജലസ്രോതസുകളുടെയും വീണ്ടെടുപ്പിനായി ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വന്ന  'ഇനി ഞാന്‍ ഒഴുകട്ടെ ' ജനകീയ ക്യാമ്പയിന് സമാപനം.  ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ  മൈലക്കാട് നടന്ന സമാപന സമ്മേളനം മന്ത്രി അഡ്വ കെ രാജു ഉദ്ഘാടനം നിര്‍വഹിച്ചു.  
ജനങ്ങളുടെ കൂട്ടായ്മയിലൂടെ ജലവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു. നീരൊഴുക്ക് സുഗമമാക്കുന്നതിനൊപ്പം മാലിന്യമുക്തമാക്കുന്നതിനും ശ്രമം ഉണ്ടാകണം.  വാര്‍ഡ് തലത്തില്‍  നീര്‍ച്ചാലുകള്‍ കണ്ടെത്തുന്നതിനും കുളങ്ങളും തോടുകളും  പുനരുജ്ജീവിപ്പിക്കുന്നതിനും    ഹരിത മിഷനും ഗ്രാമപഞ്ചായത്തുകളും ഇനി മുന്‍ഗണന നല്‍കണം.
വയലുകളും തോടുകളുമൊക്കെ നികത്തിയതിലൂടെ പ്രകൃതിയോട് വലിയ ക്രൂരതയാണ് ഒരു തലമുറ ചെയ്തത്. അതിന്റെ തിരിച്ചടിയാണ് ഇന്ന് നേരിടുന്നത്. ജലദൗര്‍ലഭ്യം ഒരു യാഥാര്‍ഥ്യമായിരിക്കുന്നു. ശുദ്ധവായുവിന്റെ അവസ്ഥയും വ്യത്യസ്തമല്ലെന്നു ഡല്‍ഹി ഓര്‍മിപ്പിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിന് പഞ്ചായത്തുകള്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.ജി എസ് ജയലാല്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍ രവീന്ദ്രന്‍,  സി പി പ്രദീപ്, വൈസ് പ്രസിഡന്റ് നദീറ കൊച്ചസ്സന്‍, ജനപ്രതിനിധികളായ ശ്രീജ ഹരീഷ്, മൈലക്കാട് സുനില്‍, എന്‍ അജയകുമാര്‍,  എസ് സരസമണി, ബിജി രാജേന്ദ്രന്‍,  എസ് സുലോചന, റംല ബഷീര്‍, ഹേമ സതീഷ്, സി അരുണ്‍, ജെ സരസ്വതി, ആര്‍ ഹരിലാല്‍, ഹരിത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു സി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.