മുണ്ടൂരില്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; ഏഴ് ഗ്രാമപഞ്ചായത്തുകള്‍ ഇനി പ്ലാസ്റ്റിക് മാലിന്യ വിമുക്തം

post

പാലക്കാട് : പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ ഇനി പ്ലാസ്റ്റിക് മാലിന്യ വിമുക്തമാകും. ഏഴ് ഗ്രാമപഞ്ചായത്തുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പൊടിക്കുന്ന മുണ്ടൂരിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം കെ.വി വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. പകര്‍ച്ചവ്യാധികള്‍ തടയാനും ചുറ്റുപാടുകള്‍  മാലിന്യമുക്തമാക്കി  സംരക്ഷിക്കാനും ഇത്തരം സംരംഭങ്ങള്‍ ഏറെ ഉപകാരപ്രദമാകുമെന്ന് എം.എല്‍.എ പറഞ്ഞു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു അധ്യക്ഷയായി.

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 47 ലക്ഷം ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കേരളശ്ശേരി, കോങ്ങാട്,  മുണ്ടൂര്‍,  പിരായിരി,  മങ്കര,  പറളി, മണ്ണൂര്‍ പഞ്ചായത്തുകളില്‍ നിന്നും ഹരിതകര്‍മ സേനാംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് അതത് പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകളില്‍ (എം.സി.എഫ്) സൂക്ഷിക്കുകയും അവിടെ നിന്നും പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിലേക്ക് മാറ്റുകയും ചെയ്യും. തുടര്‍ന്ന് പ്ലാസ്റ്റിക് പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക്  കൈമാറും. റോഡ് നിര്‍മാണത്തില്‍ ടാറിനൊപ്പം ചേര്‍ക്കാനായി പൊടിച്ച പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനി ഉപയോഗിക്കും. പദ്ധതിയിലൂടെ ഏഴ് പഞ്ചായത്തുകളിലായി 140 ഓളം ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും. കൂടാതെ യൂണിറ്റില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധി,  ഐ.ആര്‍.ടി.സി പ്രതിനിധി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വഴുക്കപാറയില്‍ സ്ഥിതിചെയ്യുന്ന യൂണിറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ കുട്ടികൃഷ്ണന്‍, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലത, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.