ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേരളം ഒരുക്കിയത് മികച്ച സുരക്ഷ

post

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച സുരക്ഷയൊരുക്കാന്‍ നമുക്കായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനകം നൂറില്‍പരം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നല്‍കിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് വീഴാതെ കാത്തു. ഇപ്പോള്‍ രോഗങ്ങള്‍ കൂടിയ അവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

ജൂലൈ 20 വരെ 267 ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായത്. 62.55 ശതമാനം ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ രോഗികള്‍ക്ക് ശുശ്രൂഷ നല്‍കിയിരുന്നവരാണ്. 41 ശതമാനം പേര്‍ നേരിട്ട് ശുശ്രൂഷ നല്‍കിയവരും 22 ശതമാനം പേര്‍ ഇന്‍ഡയറക്റ്റ് പേഷ്യന്റ് കെയര്‍ നല്‍കിയവരും ആണ്. 23.2 ശതമാനം പേര്‍ ഫീല്‍ഡ് വര്‍ക്കില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആണ്. 63 നഴ്സുമാര്‍ക്കും 47 ഡോക്ടര്‍മാര്‍ക്കുമാണ് ഇതുവരെ രോഗം പിടിപെട്ടത്.