കണ്ണമ്പുള്ളി ജി.യു.പി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അസംബ്ലി ഹാള്‍ ഉദ്ഘാടനം ചെയ്തു

post

പാലക്കാട് : ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണമ്പുള്ളി ജി.യു. പി സ്‌കൂള്‍ അസംബ്ലി ഹാള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.  കോവിഡ് പശ്ചാത്തലത്തിലും പരീക്ഷ നടത്തിയും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കിയാണ് ഇത്തരമൊരു പദ്ധതി ബ്ലോക്ക് പഞ്ചായത്ത് യഥാര്‍ത്ഥ്യമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കണ്ണമ്പുള്ളി ജി യു പി സ്‌കൂള്‍ അസംബ്ലി ഹാളില്‍ നടന്ന പരിപാടിയില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി അധ്യക്ഷയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഹേമലത, എരിമയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുലോചന, വാര്‍ഡ് മെമ്പര്‍ കലാവതി, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ജോതിബാസു, എസ് എം സി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.