ഡയാലിസിസ് രോഗികള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ചികിത്സാ ധനസഹായ വിതരണം പൂര്‍ത്തിയായി

post

1.40 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു

മലപ്പുറം : ലോക്ക്ഡൗണ്‍ കാലയളവില്‍  ജില്ലയില്‍ ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് ചികിത്സ നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ധനസഹായം രണ്ടാംഘട്ട വിതരണത്തോടെ പൂര്‍ത്തിയായി.  ഏപ്രില്‍ 20 മുതല്‍ മേയ് മൂന്ന് വരെയുള്ള ലോക്ക് ഡൗണ്‍ കാലയളവില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച ധനസഹായമാണ് പൂര്‍ണമായും വിതരണം ചെയ്തത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലെ 16 ഡയാലിസിസ് യൂനിറ്റുകളില്‍ ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്കുള്ള ധനസഹായമാണ് ഇന്നലെ(ജൂലൈ 25) വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള   ചെക്കുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ കൈമാറി. മിംസ് കോട്ടക്കല്‍, അല്‍മാസ് കോട്ടക്കല്‍, അഭയം തിരൂര്‍, അലിവ് വേങ്ങര, എടപ്പാള്‍ ഹോസ്പിറ്റല്‍, ശീവത്സം എടപ്പാള്‍, കരുണ ചങ്ങരംകുളം, കെ.എം എം.പുത്തന്‍പളളി, താനാളൂര്‍ കിഡ്നി പേഷ്യന്‍സ് വെല്‍ഫയര്‍ സൊസൈറ്റി, കരുണ പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഡയാലിസിസ് രോഗികള്‍ക്കുള്ള   ചെക്കുകളാണ് കൈമാറിയത്.

പെരിന്തല്‍മണ്ണ, നിലമ്പൂര്‍,  ഏറനാട്, കൊണ്ടോട്ടി എന്നീ താലൂക്കുകളിലെ 18 ഡയാലിസിസ് യൂനിറ്റുകളില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കുള്ള ധനസഹായം നേരത്തെ വിതരണം ചെയ്തിരുന്നു. ഇതോടെ 2200 ഓളം ഡയാലിസിസ് രോഗികള്‍ക്ക് ഒരു കോടി 40 ലക്ഷം രൂപയാണ്(1.40) ജില്ലാ പഞ്ചായത്ത് ചികിത്സാ ധനസഹായമായി നല്‍കിയത്.

ജില്ലയ്ക്ക് അകത്തുള്ള ആശുപത്രികളില്‍ ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് ചെക്ക് വഴിയും ജില്ലയ്ക്ക് പുറത്തുള്ള  വിവിധ ഡയാലിസിസ് കേന്ദ്രങ്ങളില്‍ ചികിത്സ നടത്തി കൊണ്ടിരിക്കുന്ന രോഗികള്‍ക്കുള്ള ധനസഹായം ഓണ്‍ലൈന്‍ വഴി അക്കൗണ്ടുകളിലേക്ക് നല്‍കിയുമാണ് വിതരണം ചെയ്തത്.  വീടുകളില്‍ പെരിട്ടോണിയല്‍ ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്നവര്‍ക്ക്  ഓണ്‍ലൈന്‍ വഴി രോഗികളുടെ അക്കൗണ്ടുകളിലേക്കുമാണ് ധനസഹായം വിതരണം ചെയ്തത്.

തിരൂര്‍ ജില്ലാ ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, വളവന്നൂര്‍ ബ്ലോക്ക് ആശുപത്രി എന്നിവിടങ്ങളിലെ ഡയാലിസിസ് യൂനിറ്റുകളിലെ രോഗികള്‍ക്കുള്ള ധനസഹായം ഓണ്‍ലൈനായി ഹോസ്പിറ്റല്‍ അക്കൗണ്ടുകളിലേക്കും നല്‍കി.

 പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍,  സജീഷ് ആലപ്പാട്ട്, ടി.മുഹമ്മദ് ഷരീഫ്, എം.മുഹമ്മദ് അബു സുഫ്യാന്‍, പി.മുഹമ്മദ് ബഷീര്‍, പി.അനീസ് മോന്‍, സി.കെ.സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു.