കോവിഡ് ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കും

post

മലപ്പുറം:  കോവിഡ് ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പേരെ പരിശോധിക്കുന്നതിനാവശ്യമായ കിറ്റുകള്‍ ലഭ്യമാക്കാന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് ജില്ലാതല കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്ററുകളില്‍ രോഗ നിയന്ത്രണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ആരാധനകര്‍മങ്ങള്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ബലിയറുക്കുന്നിടത്ത് കൂടുതല്‍ ആളുകള്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാംസം വീടുകളിലെത്തിച്ചു നല്‍കണം. കോവിഡ് മാര്‍ഗനിര്‍ദേശമനുസരിച്ച് സ്ഥല സൗകര്യമുള്ള പള്ളികളില്‍ പരമാവധി 100 പേര്‍ മാത്രമേ പെരുന്നാള്‍ നിസ്‌കാരത്തിന് പങ്കെടുക്കാവൂ. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഒരു വാര്‍ഡിലെ ടൗണില്‍ ഉള്‍പ്പെടുന്ന  മറ്റ് വാര്‍ഡിലെ പ്രദേശവും ആ കണ്ടെയ്ന്‍മെന്റ് സോണിന്റെ ഭാഗമായി കണക്കാക്കും.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളില്‍ നിരോധിത രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും.