ആഘോഷരാവിന് പകിട്ടേകി നൃത്തശില്പം

post

കൊല്ലം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍,  ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ബീച്ച് ഗെയിംസിന്റെ ആഘോഷരാവിന് പകിട്ടേകി നൃത്തശില്പം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് നൃത്തസന്ധ്യ സംഘടിപ്പിച്ചത്.

കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചു വരുന്ന വിളക്കുടി ശ്രീപാദം സ്‌കൂള്‍ ഓഫ് ഡാന്‍സ് ആണ് നൃത്തശില്പം അവതരിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തക അമ്പിളിമോളും നൃത്ത വിദ്യാര്‍ഥികളും അവതരിപ്പിച്ച ചടുല താളങ്ങള്‍ കാണികളിലും ആവേശമുണര്‍ത്തി. നൃത്തശില്പത്തിന് ശേഷം ചലച്ചിത്ര പിന്നണി ഗായകന്‍ മത്തായി സുനിലും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടും ഉണ്ടായിരുന്നു.

കുടുംബശ്രീ പ്രവര്‍ത്തകരായ കലാകാരികളെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ഇത്തരം വേദികള്‍ അവസരമൊരുക്കുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി സന്തോഷ് പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്റെ പരിപാടികള്‍ക്ക് ശേഷം കൊല്ലം നഗരസഭാ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് അവതരിപ്പിച്ച കുറ്റവും ശിക്ഷയും എന്ന നാടകം വേദിയെ അവിസ്മരണീയമാക്കി.

ഭൂമിയില്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് മരണശേഷവും ശിക്ഷ ലഭിക്കുമെന്ന സന്ദേശത്തോടെ 1965 ല്‍ പി.ജെ ആന്റണി രചിച്ച നാടകമാണ് കുറ്റവും ശിക്ഷയും. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി നഗരസഭാ ഭരണ സമിതിയും ജീവനക്കാരും നാടകം വേദിയില്‍ എത്തിച്ചപ്പോള്‍ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പി.ജെ ഉണ്ണികൃഷ്ണനാണ് നാടകം സംവിധാനം ചെയ്തത്.