കോവിഡ് പ്രതിരോധം: പൊലീസിന്റെ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലും ഉദ്യോഗസ്ഥരെ നിയോഗിക്കും

post

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടാതെ എസ്പി, ഡിഐജി, ഐജി, എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ നേരിട്ടോ അല്ലാതെയോ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്നതുവരെ ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനത്തിനകത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്.

കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ ശ്രദ്ധേയമായതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ (2020) സംബന്ധിച്ച് എംഎച്ച്ആര്‍ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ രാജ്യത്തിനേറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ ക്ലാസ് റൂം, ഐസിടി ലാബ്, ഓണ്‍ലൈന്‍ പ്രവേശനം, കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠനം, സമൂഹ പങ്കാളിത്തം തുടങ്ങി എംഎച്ച്ആര്‍ഡി നിര്‍ദ്ദേശിച്ച 16 മാനദണ്ഡങ്ങളില്‍ 15ഉം കേരളം നേടിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.