ബലി പെരുന്നാള്‍ ആഘോഷം; ജില്ലാ കലക്ടര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

post

കണ്ണൂര്‍ :ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു.

1. 100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 10 പേര്‍ എന്ന കണക്കില്‍ പരമാവധി 100 പേരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം സാമൂഹിക അകലം, മാസ്‌ക്ക്ധാരണം, സാനിറ്റൈസറിന്റെ ഉപയോഗം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട്  സമൂഹ പ്രാര്‍ത്ഥന / നമസ്‌ക്കാരം നടത്തേണ്ടതാണ്.

2. ഉദുഹിയ്യത്ത് ആചരിക്കുമ്പോള്‍ ശരിയായ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

3. ഉദുഹിയ്യത്ത് ഉള്‍പ്പടെയുള്ള ബലിപെരുന്നാള്‍ ചടങ്ങുകള്‍ വീടുകളില്‍ മാത്രം ആചരിക്കേണ്ടതാണ്.

4. വീടുകളുടെ പരിസരത്ത് ബലി പെരുന്നാളിനോടനുബന്ധിച്ച ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍, കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.

5. ഈ ചടങ്ങുകളില്‍ പരമാവധി അഞ്ച് പേര്‍ മാത്രം പങ്കെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

6. പനിയോ, പനിയുടെ ലക്ഷണങ്ങളോ, കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ, അല്ലെങ്കില്‍ മറ്റ് കൊവിഡ് രോഗ ലക്ഷണങ്ങളോ ഉണ്ടായിരുന്നവര്‍ ആരും തന്നെ സമൂഹ പ്രാര്‍ത്ഥനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കരുത്.

7. ക്വാറന്റൈനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും സമൂഹ പ്രാര്‍ത്ഥനയിലോ ബലി പെരുന്നാള്‍ ചടങ്ങുകളിലോ പങ്കെടുക്കരുത്. ഇത്തരം ചടങ്ങുകള്‍ നടക്കുന്നത് അവരുടെ വീടുകളിലാണെങ്കില്‍ പോലും പങ്കെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

8. പെരുന്നാള്‍ ദിനത്തില്‍ നടത്തിവരാറുള്ള ബന്ധുഗൃഹ സന്ദര്‍ശനങ്ങളും മറ്റ് ഉല്ലാസയാത്രകളും ഒഴിവാക്കേണ്ടതാണ്.

9. കണ്ടെയിന്‍മെന്റ് സോണുകളില്‍ മേല്‍ പരാമര്‍ശിച്ച സമൂഹ പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും അനുവദനീയമല്ല.