ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കറുമായി ബത്തേരി നഗരസഭ

post

വയനാട്:  സംസ്ഥാനത്ത് ആദ്യമായി ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ സംവിധാനവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കാണ് ഡിജിറ്റല്‍ സ്റ്റിക്കര്‍ വിതരണം ചെയ്തത്. പദ്ധതിലൂടെ 625 ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ അനുവദിച്ചു. 
 
ടൗണിലെ 13 സ്റ്റാന്‍ഡുകളിലായി 670 ഓട്ടോറിക്ഷകള്‍ക്കാണ് ഹാള്‍ട്ടിംഗ് നമ്പറുള്ളത്. ഡിജിറ്റല്‍ സ്റ്റിക്കര്‍ അനുവദിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചതില്‍ അപാകതയുള്ള ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ സ്റ്റിക്കര്‍ അനുവദിച്ചിട്ടില്ല. രേഖകള്‍ ശരിയാക്കുന്ന മുറയ്ക്ക് സ്റ്റിക്കര്‍ അനുവദിക്കും. സ്റ്റിക്കര്‍ പതിക്കാത്ത ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താനും അനുവദിക്കുകയില്ല.  
 
നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു സ്റ്റിക്കര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ സഹദേവന്‍, എല്‍സി പൗലോസ്, ബാബു അബ്ദുള്‍ റഹ്മാന്‍, പി.കെ സുമതി, എന്‍.എം വിജയന്‍, ഷെബീര്‍ അഹമ്മദ്, നഗരസഭാ സെക്രട്ടറി അലി അസ്ഹര്‍, ജോയിന്റ് ആര്‍.ടി.ഒ കെ.കെ സരള, പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ അബ്ദള, ട്രാഫിക്ക് പോലീസ് ഇന്‍സ്‌പെടക്ടര്‍ കെ.ടി ബേബി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പ്രകാശന്‍, അനീഷ് ബി നായര്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ഇബ്രാഹിം തൈത്തോടി, പി.ജി സോമനാഥന്‍, അബ്ബാസ് മീനങ്ങാടി എന്നിവര്‍ സംസാരിച്ചു.