ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യവിത്തിടല്‍ പദ്ധതിക്ക് തുടക്കമായി

post

ഇടുക്കി : മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജില്ലയിലെ പുഴകളിലും റിസര്‍വോയറുകളിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍  മത്സ്യവിത്തിടല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യതൊഴിലാളികളുടെയും റിസര്‍വോയറുകളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന ആദിവാസി കുടുംബങ്ങളുടെയും വരുമാനം വര്‍ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി  ജനപ്രതിനിധികള്‍, മത്സ്യതൊഴിലാളികള്‍,പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍  വിവിധ ജലാശയങ്ങളില്‍

മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു. ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് വിഭാഗത്തില്‍പ്പെടുന്ന കട്‌ള,രോഹു,മൃഗാല ഇനത്തില്‍പ്പെടുന്ന മത്സ്യവിത്തുകളാണ് നിക്ഷേപിച്ചത്.

വണ്ടിപ്പെരിയാറില്‍ നടന്ന മത്സ്യവിത്തിടല്‍ ചടങ്ങ്  ഇ.എസ്. ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മറ്റ് കേന്ദ്രങ്ങളില്‍ നടന്ന വിത്തിടല്‍ ചടങ്ങ് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ മേഖലയില്‍ പെരിയാറ്റിലും അറക്കുളം പഞ്ചായത്തില്‍ അറക്കുളം സെന്റ് മേരീസ് കടവിലും മുട്ടംപഞ്ചായത്തില്‍ മലങ്കരഡാം ശങ്കരപ്പള്ളിക്കടവിലും നെടുങ്കണ്ടം പഞ്ചായത്തില്‍ തൂക്കുപാലം കല്ലാര്‍ ഡിവിഷനിലും ഇരട്ടയാര്‍ ഡാമിലുമാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ളത്.ഫിഷറീസ് ജില്ലാ ഓഫീസര്‍ ഡോ.ജോയ്‌സ് എബ്രഹാം,എ ഇ ഒ കണ്ണന്‍, എസ് ഐ ഷിനൂബ്,ഡി ഒ രാജു, ജീവനക്കാരായ വിനോദ് കുമാര്‍, ജോയല്‍, അഞ്ചു, സാബു, ഗിരീഷ്, പ്രതീഷ്,അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.