ലോകമുലയൂട്ടല്‍ വാരാചരണം; ഓഗസ്റ്റ് 1 മുതല്‍ 7 വരെ

post

ആലപ്പുഴ: മുലയൂട്ടലിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഈ വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ സന്ദേശം ' ആരോഗ്യമുള്ള ലോകത്തിനായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാം' എന്നതാണ് .

ശിശുക്കള്‍ക്ക് കൃത്രിമ പാലുല്പന്നങ്ങളും, ഭക്ഷണ പദാര്‍ത്ഥങ്ങളും നല്‍കുന്നത് കൊണ്ടുള്ള ദൂഷ്യ ഫലങ്ങളെ കുറിച്ച് അമ്മമാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിച്ചെടുക്കുകയാണ് വാരാചരണം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകാരോഗ്യ സംഘടനയും ,ഐക്യരാഷ്ട്ര സംഘടനയും മുലയൂട്ടല്‍ പ്രക്രിയയുടെ പിന്തുണക്കും പ്രോത്സാഹനത്തിനും ഒരു നിര്‍ണ്ണായക ഘടകമായ കൗണ്‍സലിംഗ് അമ്മമാര്‍ക്കും , അവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭ്യമാക്കാന്‍ ആവശ്യമായ പിന്തുണയും, പ്രോത്സാഹനവും ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തുടക്കമാണ് മുലയൂട്ടലിലൂടെ ലഭിക്കുന്നത്. മുലയൂട്ടല്‍അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനു പുറമെ കുഞ്ഞിന്റെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിനും, ബൗദ്ധിക വികാസത്തിനും അത്യന്താപേക്ഷിതമാണ്. പഠനങ്ങള്‍ കാണിക്കുന്നത് നമ്മുടെ രാജ്യത്തെ എല്ലാ അമ്മമാരും ശരിയായും കൃത്യമായും തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയാല്‍ ഓരോ വര്‍ഷവും രണ്ടര ലക്ഷം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്നാണ്.ശിശുക്കള്‍ക്ക് പ്രകൃതി നല്‍കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് മുലപ്പാല്‍.

കുഞ്ഞ് ജനിച്ച് ആദ്യത്തെ ഒരു മണിക്കൂര്‍ മുലയൂട്ടലിനെ സംബദ്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഈ സമയത്ത് എത്രയും വേഗം മുലയൂട്ടല്‍ ആരംഭിക്കുന്നുവോ അത്രയും കൂടുതല്‍ ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നു.. ഇത് പാലുല്പാദനത്തെ വളരെയധികം സഹായിക്കുന്നു. കൊളസ്ട്രം എന്ന ഇളം മഞ്ഞ നിറത്തിലുള്ള ആദ്യത്തെ പാല്‍ പോഷക സമ്പുഷ്ടവും, ദഹന സംവിധാനം മെച്ചപ്പെടുത്തുന്നതിനും, രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇതില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ കൂടുതലായി കാണപ്പെടുന്നു .ഇത് ശിശുവിന്റെ രോഗ പ്രതിരോധ സംവിധാനം പ്രവര്‍ത്തനസജ്ജമാകുന്നതുവരെ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു.

കൊളസ്ട്രം ആന്റിബോഡികളും പ്രോട്ടീന്‍ അഥവാ മാംസ്യവും നിറഞ്ഞതാണ്. അതുകൊണ്ടാണ് കൊളസ്ട്രം കുഞ്ഞിന്റെ ആദ്യത്തെ വാക്‌സിന്‍ എന്ന് വിശേഷിപ്പിക്കുന്നത്. പ്രൊലാക്ടിന്‍, ഓക്‌സിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താലാണ് പാലുല്പാദനം നടക്കുന്നത് . ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ഈ സമയത്ത് വെള്ളം പോലും കുഞ്ഞിന് ആവശ്യമായി വരുന്നില്ല. കാരണം .കുഞ്ഞിന്റെ ദാഹം ശമിപ്പിക്കുന്നതിന് ആവശ്യമായ ജലാംശം (88%) മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടല്‍ കുഞ്ഞിന് 2 വയസ്സ് വരെയും അതിനു ശേഷവും തുടരേണ്ടതാണ്. ശിശു മരണം ,രോഗങ്ങള്‍ , പോഷകാഹാരക്കുറവ് എന്നിവക്കെതിരെയുള്ള മികച്ച പ്രതിരോധം തീര്‍ക്കാന്‍ മുലയൂട്ടല്‍ ഉപകരിക്കും. അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ 13 ശതമാനവും പാലൂട്ടലിലൂടെ തടയാം .

ന്യുമോണിയ , വയറിളക്കരോഗങ്ങള്‍, കുടല്‍ രോഗങ്ങള്‍ , ചെവിയിലെ അണുബാധ , പല്ല് രോഗം എന്നിവ ചെറുക്കുന്നതിനും ഉപകരിക്കും. ആറു മാസം മുലപ്പാല്‍ മാത്രം കുടിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഭാവിയില്‍ പ്രമേഹം ,ഹൃദ്രോഗം ,ആസ്മ, അര്‍ബുദം ബാധിക്കാന്‍ സാധ്യത കുറവാണ്. അലര്‍ജികളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും സംരക്ഷണം നല്‍കുന്നു . മുലപ്പാല്‍ കുടിക്കുന്ന കൂട്ടികള്‍ക്ക് ബുദ്ധി കൂടുതലെന്ന് പഠനം . കുട്ടിയുടെ വൈകാരിക - ശാരീരിക വളര്‍ച്ചക്കും മുലപ്പാല്‍ നിര്‍ണ്ണായകം . കുടുംബങ്ങള്‍ മാതൃ - ശിശു സൗഹൃദമാക്കാനും ഓഫീസുകളിലും പൊതു സ്ഥലങ്ങളും അതിനായുള്ള ക്രമീകരണത്തിനും സര്‍ക്കാര്‍ ശ്രദ്ധ നല്‍കിവരുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും അമ്മമാരുടേയും, കുഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തില്‍ ഏവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.