ജില്ലാ പഞ്ചായത്ത് എട്ട് എ മോഡൽ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം

post

തൃശൂര്‍: ഗവ. സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് റൂം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന എട്ട് എ മോഡൽ ക്ലാസ് റൂം പദ്ധതിക്ക് തുടക്കം. മുപ്ലിയം ഗവ. ഹൈസ്‌കൂളിൽ ആദ്യത്തെ മോഡൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. ജെ.ഡിക്സൺ നിർവ്വഹിച്ചു.

ഓരോ ക്ലാസ് മുറിയും സ്വയം പര്യാപ്തമായ മാതൃക ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ജില്ലയിലെ 30 ഗവ സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത എല്ലാ സ്‌കൂളുകളിലും എട്ട് എ മോഡൽ ക്ലാസ് റൂമുകളാക്കും. ഓരോ സ്‌കൂളിനും മാതൃക ക്ലാസ് റൂമൊരുക്കുന്നതിന് 50,000 രൂപ ജില്ലാ പഞ്ചായത്ത് നൽകും. പഠനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള സഹകരണം ഉറപ്പാക്കും. പ്രൊജക്ടർ, ക്ലാസ് ലൈബ്രറി വിവിധ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടവയുടെ ഡെമോൺസ്ട്രേഷനിലൂടെയുള്ള പഠനം എന്നിവ ഈ ക്ലാസിന്റെ പ്രത്യേകതയാണ്. കുട്ടികളെ ആകർഷിക്കുന്ന വിധത്തിലാണ് മോഡൽ ക്ലാസ് റൂം സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂൾ പിടിഎ പ്രസിഡന്റ് ഇ. വി. സാബു, വാർഡ് അംഗം ഷീന ചന്ദ്രൻ, ബിപിഒ  നന്ദൻ മാസ്റ്റർ, പ്രിസിപ്പൽ സൗദാമിനി, പ്രധാനാധ്യാപിക എം. വി. ഉഷ തുടങ്ങിയവർ പങ്കെടുത്തു.