കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിന്റ ആരോഗ്യമേഖലയുടെ മികവ്: മുഖ്യമന്ത്രി പിണറായി വിജയന്‍

post

 പാലക്കാട് : കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ മികവ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍  വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍  പ്രവര്‍ത്തനസജ്ജമാകുന്നതോടെ  102 ഗ്രാമപഞ്ചായത്തുകളിലെ,  പ്രാദേശിക കേന്ദ്രങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയാണ് ഉറപ്പാക്കാന്‍ കഴിയുന്നത്. കോവിഡ്  വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് വലിയതോതിലുള്ള ജീവനാശം ഉണ്ടാകാതെ സംരക്ഷിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ  മികവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ ആരോഗ്യരംഗം ഇതിനകം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആരോഗ്യരംഗത്തെ കൂടുതല്‍ മികച്ചതാക്കുയെന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം മിഷന്‍ ആരംഭിച്ചത്. ജനപങ്കാളിത്തത്തോടെ കൂടുതല്‍ വികസനങ്ങള്‍ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷനുകള്‍ ആരംഭിച്ചത്. ജന പങ്കാളിത്തം ഉറപ്പു വരുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് മിഷനുകള്‍ മുഖേന ഓരോ പ്രദേശത്തെയും പദ്ധതികള്‍ നടപ്പിലാക്കുന്നത്.  പദ്ധതികളില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത്  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആണ്. ആദ്യഘട്ടത്തിലും തുടര്‍ന്ന് ഇപ്പോഴുള്ള  102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പദ്ധതി പൂര്‍ത്തീകരണത്തിനായി ജനപങ്കാളിത്തം ലഭിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ ജനപങ്കാളിത്തം ഉറപ്പു വരുത്താന്‍ കഴിഞ്ഞു. എന്നാല്‍ ഉദ്ദേശിച്ച രീതിയിലുള്ള ജനപങ്കാളിത്തം ചിലയിടങ്ങളില്‍ ലഭിച്ചിട്ടില്ല. കൃത്യമായ സമയത്ത് ഇവ പൂര്‍ത്തീകരിക്കണമെങ്കില്‍ ആളുകളുടെ സഹകരണം കൂടിയേ തീരൂയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിലും  ജനപങ്കാളിത്തം പലഘട്ടങ്ങളിലും സഹായകമായിട്ടുണ്ട്. കേരളത്തിലെ മികച്ച ആസൂത്രണത്തിന്റെ  ഫലമായി നന്നായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ സഹായകമായത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും,  കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രാദേശികമായി ജനങ്ങളുടെ ആരോഗ്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ലോകത്തിലെ പല ഭാഗങ്ങളിലും ചികിത്സയ്ക്ക് വലിയ സൗകര്യം ഉണ്ടെങ്കിലും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ചികിത്സ ലഭ്യമല്ല. എന്നാല്‍ കേരളത്തില്‍ ഏത് ഗ്രാമീണ മേഖലയിലും ചികിത്സ ലഭ്യമാക്കുന്നതിനായി മികച്ച രീതിയില്‍  പ്രവര്‍ത്തിക്കുന്ന  പ്രാഥമിക ആരോഗ്യ കേന്ദ്രവും  കുടുംബ ആരോഗ്യ കേന്ദ്രങ്ങളും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 മഹാമാരിയെ  നേരിടുന്നതിനായി വലിയതോതിലുള്ള പിന്തുണ എല്ലാവരും നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ് സംവിധാനങ്ങള്‍,  റവന്യൂ വകുപ്പ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ വളണ്ടിയര്‍മാര്‍, എന്നിവര്‍ ആരോഗ്യവകുപ്പുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായതുകൊണ്ടാണ് കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 706 ഡോക്ടര്‍മാരാണ് ഒറ്റദിവസം ഇതിന്റെ ഭാഗമായി നിയമിച്ചത്. കാസര്‍ഗോഡ് -കര്‍ണാടക അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മെഡിക്കല്‍ കോളേജ് സജ്ജമാക്കാന്‍ കഴിഞ്ഞു. 6800 ലധികം താല്‍ക്കാലിക തസ്തികളില്‍  സംസ്ഥാനത്തൊട്ടാകെ നിയമനം നടത്തി. വേതനവും വര്‍ധിപ്പിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടെ ചികിത്സാ കേന്ദ്രങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനാലാണ്  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ പൂര്‍ണ്ണ ചുമതല.  ഈ കേന്ദ്രങ്ങളിലേക്ക് വേണ്ട കട്ടിലും കിടക്കയും അടക്കം എത്തിക്കാന്‍ നാട്ടുകാരും മുന്‍പില്‍ നിന്നു. ഈ മാതൃകകള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

 ക്വാറന്റൈന്‍  മാനദണ്ഡങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കുക, ശാരീരിക അകലം പാലിക്കുക, പരമാവധി ആളുകള്‍ പുറത്തിറങ്ങാതെ ഇരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. വരും ദിവസങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. അലംഭാവം  ഇല്ലാതെ മുഴുവനാളുകളും ഇതിനോട് സഹകരിക്കണം. ചിലരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറിയതുകൊണ്ടാണ് ഇന്ന് ഈ സ്ഥിതി വന്നുചേര്‍ന്നത്. അതിനാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യമായി നിര്‍ദേശങ്ങള്‍ പാലിച്ച് ഗൗരവ ബോധത്തോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷയായി. പട്ടികജാതി-പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ - നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് എ.കെ ബാലന്‍ മുഖ്യാതിഥിയായി. പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  കെ.ടി ജലീല്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.