പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു

post

തൃശൂര്‍ : പരിയാരത്ത് കുടുംബശ്രീ മിനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സംഭരണ- സംസ്‌കരണ- വിപണന കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിയാരം ഗ്രാമപഞ്ചായത്തില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് പണി പൂര്‍ത്തീകരിച്ചത്. 727 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ നിര്‍മാണ ചെലവ് 14 ലക്ഷം രൂപയാണ്. പദ്ധതി പ്രാവര്‍ത്തികമായതോടെ പ്രദേശത്തെ കുടുംബശ്രീ സംരംഭകര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഒരു സ്ഥിരം വിപണന കേന്ദ്രമായി.

പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനീഷ് പി ജോസ് അധ്യക്ഷത വഹിച്ചു. അടിസ്ഥാനസൗകര്യ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദീപ എസ് നായര്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാര്‍, പരിയാരം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ജി സിനി, കുടുംബശ്രീ മിഷന്‍ എഡിസി രാധാകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന അശോകന്‍, പരിയാരം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.