മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാവുന്ന പുഷ്പവുമായി ശാസ്ത്ര നഗരി

post

തിരുവനന്തപുരം : ശാസ്ത്ര കൗതുകത്തോടെപ്പം വിസ്മയ കാഴ്ചയുമൊരുക്കുകയാണ് മാര്‍ഇവാനിയോസ് ഗ്രൗണ്ടിലെ പ്രദര്‍ശന നഗരി. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശനത്തിലാണ് ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന സസ്യവുമുള്ളത്. ഒരു കടുകുമണിയുടെ പത്തിലൊന്ന് മാത്രം വലിപ്പമുള്ള സസ്യത്തിന്റെ പൂവ് കാണണമെങ്കില്‍ മൈക്രോസ്‌കോപ്പ് വേണ്ടിവരും.
 'ഗുള്‍ഫിയ ഗ്ലോബസ്യ'  എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യം, മലബാര്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്റെ സ്റ്റാളിലാണ് പ്രദര്‍ശനത്തിനുള്ളത്. 'കടുക് പച്ച' എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന 'ഗുള്‍ഫിയ ഗ്ലോബസ്യ'യെക്കുറിച്ചറിയാന്‍ പ്രദര്‍ശനത്തില്‍ തിരക്കേറുകയാണ്. തെക്കെ ഇന്ത്യയിലെ ചെറിയ കുളങ്ങളില്‍ മാത്രം കാണപ്പെടുന്ന കടുക് പച്ച, വംശനാശ ഭീഷണി നേരിടുന്ന സസ്യത്തിന്റെ ഗണത്തില്‍പെടുന്നു. ചെറിയ വെള്ളക്കെട്ടുകള്‍ പരക്കെ മണ്ണിട്ടു മൂടുന്നതാണ് ഇതിന് കാരണം.
കടുക് പച്ചക്കൊപ്പം സ്വര്‍ണ സാന്നിധ്യമുള്ള ഭൂപ്രദേശത്ത് മാത്രം കാണപ്പെടുന്ന 'സ്വര്‍ണ്ണപന്ന' ക്കും കാഴ്ചക്കാര്‍ ഏറെയാണ്. 'ഇക്വിവിസ്റ്റം രാമോസിസിയം' എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സ്വര്‍ണ്ണപന്ന കേരളത്തില്‍ അപൂര്‍വ്വമാണ്. നനവാര്‍ന്ന പ്രദേശങ്ങളിലും ആഴം കുറഞ്ഞ വെള്ളക്കെട്ടുകളിലും കാണപ്പെടുന്ന ഒരിനം പന്നല്‍ച്ചെടിയായ സ്വര്‍ണ്ണപന്ന, സ്വര്‍ണ്ണത്തിന്റെ സാന്നിധ്യമറിയാനായി വ്യാപകമായി നട്ടുവളര്‍ത്താറുണ്ട്.
മലിന ജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന അരയന്ന പായല്‍, കേരളത്തിലും കര്‍ണാടകയിലും മാത്രം കാണപ്പെടുന്ന കാട്ടുകിണര്‍വാഴ, ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ഹിമാലയന്‍കുളവാഴ, അമേരിക്ക, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ അലങ്കാരച്ചെടിയായി പൂന്തോട്ടങ്ങളില്‍ കാണപ്പെടുന്ന ജലസസ്യമായ മൊസൈക് ചെടി തുടങ്ങി കൗതുകമുണര്‍ത്തുന്ന നിരവധി സസ്യങ്ങളുടെ പ്രദര്‍ശനമാണ് മലബാര്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം അലങ്കാരത്തിനായി ഉപയോഗിക്കുന്ന സസ്യങ്ങളുടെ ടെറേറിയവും കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്