സ്വാമി അയ്യര്‍ ദുരൈ ഡാം വിനോദ കേന്ദ്രമായി ഉയര്‍ത്തല്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി

post

പാലക്കാട് : ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്വാമി അയ്യര്‍ ദുരൈ ഡാം വിനോദ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍  എം.എല്‍.എ നിര്‍വഹിച്ചു. സ്വാമി അയ്യര്‍ ദുരൈ ഡാം വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്തുന്നതിലൂടെ സമീപപ്രദേശങ്ങളിലെ നിരവധി ആളുകള്‍ക്ക്് ഉപകാരപ്രദമാകുമെന്ന്  എം.എല്‍.എ പറഞ്ഞു. നിലവില്‍ ഡാമിന്റെ സംരക്ഷഭിത്തി ബലപ്പെടുത്തുകയും ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി.

സ്വകാര്യവ്യക്തി തന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് ഉപയോഗിച്ച ഡാം പൊതുസമൂഹത്തിനു വിട്ടു നല്‍കിയതാണ് സ്വാമി അയ്യര്‍ ദുരൈ ഡാം വിനോദ കേന്ദ്രമായി ഉയര്‍ത്തുന്നത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 സാമ്പത്തികവര്‍ഷത്തിലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡാം പ്രദേശത്ത് നടന്ന പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഹേമലത, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഞ്ജലി മേനോന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വനജ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ ഉമ്മര്‍ ഫാറൂഖ്, എല്‍.എസ.്ജി.ഡി അസി. എഞ്ചിനീയര്‍ ദിവ്യ എന്നിവര്‍ സംസാരിച്ചു.