കൊവിഡ് പ്രതിരോധം; തളിപ്പറമ്പ് നഗരസഭ പൂര്‍ണമായി അടച്ചിടും
13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കണ്ണൂര്‍ : സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജില്ലാ പോലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനുപുറമെ, പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22-ാം ഡിവിഷനും പാനൂര്‍ 16, ചെറുതാഴം 11, കുന്നോത്തുപറമ്പ 18, രാമന്തളി 9, മാങ്ങാട്ടിടം 18, അയ്യന്‍കുന്ന് 12 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 55-ാം വാര്‍ഡും മാട്ടൂല്‍ 10, പാനൂര്‍ 11, പരിയാരം 5, പടിയൂര്‍ കല്ല്യാട് 11, പട്ടുവം 5 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.