കാലവര്‍ഷം: കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം

post

കണ്ണൂര്‍ : ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലാ കണ്‍ട്രോണ്‍ റൂം മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 0497 2700645, 9446682300 എന്നീ നമ്പറുകളിലോ 1077 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. സ്വകാര്യ വ്യക്തികള്‍ അവരുടെ ഭൂമിയില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്നും ഇതിനെ തുടര്‍ന്നുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അവരവര്‍ ഉത്തരവാദികളായിരിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

മഴക്കാലരോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന്  ഡിഎംഒ

ജില്ലയില്‍ മഴ ശക്തിപ്രാപിച്ചതോടെ മഴക്കാലരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍  ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് (ആരോഗ്യം) അറിയിച്ചു.

വൈറല്‍ പനി: ജലദോഷപ്പനി അഥവാ വൈറല്‍പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് മഴക്കാലങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന മഴക്കാല രോഗങ്ങള്‍. കൂടാതെ വയറിളക്കം, കോളറ, മഞ്ഞപിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗ്യങ്ങളും  പടര്‍ന്നു പിടിക്കാന്‍ മഴക്കാലത്ത് സാധ്യതയേറെയാണ്.  ജലദോഷപ്പനിയുള്ളവര്‍ വീട്ടില്‍ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും, പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം. ആവശ്യമെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണം.

രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗവും

എലിപ്പനി: ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയവയും ഉണ്ടാകാം. പ്രധാനമായും എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് രോഗം പകരുന്നത്. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകളിലൂടെ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാകുന്നത്.

  അതിനാല്‍ തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഡോക്സിസൈക്ലിന്‍ 100 മി.ഗ്രാമിന്റെ 2 ഗുളികകള്‍ വീതം ആഴ്ചയിലൊരിക്കല്‍ കഴിക്കണം. ജോലിക്കിറങ്ങുന്നതിന്റെ തലേദിവസം വേണം ഈ ഗുളികള്‍ കഴിക്കാന്‍. ആറ് മുതല്‍ എട്ട്  ആഴ്ചവരെ ആഴ്ചയിലൊരിക്കല്‍ വീതം ഈ  ഗുളികകള്‍ കഴിക്കാവുന്നതാണ്.

ഡെങ്കിപ്പനി: പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും  തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പകല്‍നേരങ്ങളില്‍  കടിക്കുന്ന ഈഡിന് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലൂടെ മാത്രമേ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയൂ. ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ട് വളരുന്ന ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടിനില്‍ക്കാനിടയുള്ള  മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ വളര്‍ത്തുക, കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക എന്നിവയും പ്രതിരോധ മാര്‍ഗങ്ങളാണ്.

ജലജന്യരോഗങ്ങള്‍

മഴക്കാലം ശക്തിപ്രാപിച്ചതോടെ കുടിവെള്ളം മലിനമാകാനിടയുള്ളതിനാല്‍ ജലജന്യരോഗങ്ങള്‍ വരാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ ജലജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപിത്തം, ടൈഫോയ്ഡ് തുടങ്ങിയവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്.

മഴക്കാലങ്ങളില്‍ തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാവൂ. ആഹാര പദാര്‍ഥങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയും വേണം. പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക, ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക. വ്യക്തിശുചിത്വം, പരിസര ശുചിത്വം, ആഹാര ശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കിണറിലെ വെള്ളം രണ്ടാഴ്ചയിലൊരിക്കലെങ്കിലും ബ്ലീച്ചിംഗ് പൗഡറുപയോഗിച്ച് ക്ലോറിനേഷന്‍ നടത്തണം.  ഈച്ചശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഹോട്ടല്‍, ബേക്കറി  എന്നിവിടങ്ങളില്‍ തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പു വരുത്തണം. മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം നിര്‍വ്വഹിക്കുക.  ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകുക. സാധാരണ വയറിളക്ക രോഗങ്ങള്‍ക്ക് ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാ വെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം, ഒആര്‍എസ് ലായനി ഇവയിലേതെങ്കിലും ഉപയോഗിച്ച്് ചികിത്സിക്കാവുന്നതാണ്.