നിര്‍ഭയം ഈ നടത്തം

post

കൊല്ലം: രാത്രിയില്‍ ഭയമില്ലാതെ സ്ത്രീകള്‍ നഗരവീഥിയിലൂടെ നടന്നു. വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിര്‍ഭയ രാത്രി നടത്തിന്റെ ഭാഗമായാണ് കൊല്ലം നഗരത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ ചരിത്രം രചിച്ചത്.  കുടുംബശ്രീ അംഗങ്ങള്‍, വനിതാ സംഘടനകള്‍, എന്‍ ജി യു യൂണിയന്‍, എന്‍ ജി ഒ അസോസിയേഷന്‍, ജോയിന്റ് കൗണ്‍സില്‍ വനിതാ അംഗങ്ങള്‍ എന്നിവരും യാത്രയില്‍ പങ്കാളികളായി. സിവില്‍ സ്‌റ്റേഷന്‍, കെ എസ് ആര്‍ ടി സി സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് സംഘങ്ങളായാണ് രാത്രിയാത്ര ആരംഭിച്ചത്. ഒറ്റയ്ക്കും, രണ്ടു പേര്‍ ചേര്‍ന്നുമായിരുന്നു യാത്ര. യാത്രയ്ക്ക് ഒടുവില്‍ എല്ലാവരും ബീച്ചില്‍ സംഗമിച്ചു. ബീച്ചിലെത്തിയ യാത്രാസംഘം ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഗീതാകുമാരി, ശിശുസംരക്ഷണ ഓഫീസര്‍ പ്രസന്നകുമാരി തുടങ്ങിയവര്‍ സന്നിഹിതരായി.

രാത്രി നടത്തില്‍ ജില്ലാ കലക്ടറുടെ ഭാര്യയും

ജില്ലാ ഭരണാധികാരിയുടെ ഭാര്യയും നിര്‍ഭയം രാത്രി നടത്തത്തില്‍ പങ്കാളിയായി. ജില്ലാ കലക്ടറുടെ ഭാര്യ റുക്‌സാന എം. കെ.യാണ് രാത്രി നടത്തത്തില്‍ പങ്കാളിയായി മാതൃകയായത്.  സ്വതന്ത്രവും സുരക്ഷിതവുമായ യാത്ര ഒരുക്കവാനുള്ള ഈ സംരംഭത്തിന് ഏറെ സ്ത്രീകള്‍ക്ക് പ്രചോദനമാകാന്‍ തന്റെ സാന്നിധ്യം സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.