മഴക്കെടുതിയില്‍ മേരിക്കുളം നിരപ്പേല്‍ക്കട പാലവും തോണിതടി പാലവും അപകടാവസ്ഥയില്‍

post

പ്രദേശത്തെ വീടുകള്‍ക്കും മണ്ണിടിഞ്ഞ് നാശനഷ്ടം

ഇടുക്കി:  കനത്ത മഴയില്‍  മേരിക്കുളം നിരപ്പേല്‍ക്കട പാലവും തോണിതടി പാലവും  വശങ്ങളിടിഞ്ഞ് അപകടാവസ്ഥയില്‍. മേരികുളം- ആനവിലാസം- കുമളി റൂട്ടില്‍ മേരികുളം ജംഗ്ഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി നിരപ്പേല്‍ക്കട പാലത്തോടു ചേര്‍ന്നുള്ള റോഡിന്റെ ഒരു ഭാഗം പൂര്‍ണമായി ഇടിഞ്ഞു  താണു. ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇ.എസ്.ബിജിമോള്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു.

കട്ടപ്പന - കോട്ടയം റൂട്ടില്‍ മേരികുളം തോണിതടി പാലത്തില്‍ വെള്ളം കയറി റോഡിന്റെ വലത് വശത്ത് കരിങ്കല്‍ കെട്ട് ഇടിഞ്ഞു റോഡിന് അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡിന്റെ ഇരു വശങ്ങളിലും ഉള്ള വീടുകളില്‍ വെള്ളം കയറി വീട്ടു ഉപകരണങ്ങള്‍ക്കും, പ്രദേശത്തെ കൃഷിയ്ക്കും   നാശനഷ്ടം സംഭവിച്ചു. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് മേരികുളം മേഖലയില്‍ നാശനഷ്ടം ഉണ്ടായത്. മുകള്‍ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്  ശക്തമായ വെള്ളമെത്തിയതാണ് പാലം തകരാനും നാശനഷ്ടങ്ങള്‍ക്കും കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.തോണിതടി പാലത്തിനു സമീപം താമസിക്കുന്ന മാങ്കൂട്ടത്തില്‍എം.എന്‍ മോഹനന്‍, പുത്തന്‍പറമ്പില്‍ പി.കെ.ശശി തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്  രാത്രിയില്‍ തന്നെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തധികൃതരും വില്ലേജധികൃതരുമെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.