മത്സ്യമാര്‍ക്കറ്റുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം

post

കണ്ണൂര്‍:  കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന മത്സ്യമാര്‍ക്കറ്റുകള്‍  നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെയും പയ്യന്നൂര്‍ നഗരസഭാ പരിധിയിലെയും മത്സ്യമാര്‍ക്കറ്റുകള്‍ വിപണന സ്റ്റാളുകള്‍ എന്നിവയ്ക്കാണ് കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.  

മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനസമയം (മൊത്തവ്യാപാരം) എല്ലാ ദിവസവും പുലര്‍ച്ചെ  രണ്ട്  മണി മുതല്‍ 5.30വരെയായി പരിമിതപ്പെടുത്തണം.  മാര്‍ക്കറ്റിലേക്ക് വരുന്ന വലിയ ചരക്കുവാഹനങ്ങളുടെ വിശദവിവരങ്ങള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. ട്രക്ക് ഡ്രൈവര്‍മാര്‍ പൊതുജനങ്ങളുമായി ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കുകയും അവരുടെ പ്രാഥമിക കാര്യനിര്‍വഹണത്തിനും വിശ്രമത്തിനുമായി പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിക്കുകയും വേണമെന്ന് നിര്‍ദേശമുണ്ട്. മത്സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മത്സ്യം വില്‍ക്കുന്ന സ്ഥലം എന്നിവ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ സംവിധാനമൊരുക്കണം.

സാമൂഹിക അകലം  പാലിച്ചുകൊണ്ട് ഒരേ സമയം മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിയാലോചിച്ച് നിശ്ചയിക്കേണ്ടതാണ്.  മാര്‍ക്കറ്റിനകത്തും പുറത്തും കടക്കുന്നതിന് പ്രത്യേക വഴികള്‍ ക്രമീകരിച്ച് എന്‍ട്രി/ എക്സിറ്റ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും മാര്‍ക്കറ്റിലേക്കുള്ള മറ്റ് വഴികള്‍ അടച്ചിടേണ്ടതുമാണ്. മാര്‍ക്കറ്റില്‍ കൊവിഡ് 19  മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി  പാലിക്കുകയും  ഇടയ്ക്കിടെ  അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. ഈ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് ആവശ്യമായ സംവിധാനം വ്യാപാര സംഘടനകള്‍ സജ്ജീകരിക്കേണ്ടതാണ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള ചുമതല ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരവും പകര്‍ച്ചവ്യാധി നിയമം 1897 പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുകയും മാര്‍ക്കറ്റ്  പൂര്‍ണമായും  അടച്ചിടുകയും  ചെയ്യുമെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു.