'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതി: പൊന്നാനിയില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

post

മലപ്പുറം: നിങ്ങളെല്ലാം ഇത്രയും കാലം ജീവിച്ചില്ലേ... ഇനി ഞങ്ങളെയും ജീവിക്കാന്‍ അനുവദിക്കൂവെന്ന് പറയുന്ന വളര്‍ന്നു വരുന്ന തലമുറയ്ക്ക് വേണ്ടിയാണ് ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായുള്ള  ഹരിത കേരള മിഷന്റെ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍  ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തെ കുളിക്കടവ് ശുചീകരണ യഞ്ജത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.

സംസ്ഥാനത്തെ എല്ലാ ജലസ്രോതസ്സുകളും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുഴയും കായലും സമുദ്രവും തോടുകളും തുടങ്ങി പ്രകൃതിയുടെ ഏറ്റവും മനോഹര ഭാവങ്ങള്‍ ഒത്തുചേരുന്ന സംഗമഭൂമിയാണ് പൊന്നാനി. പൊന്നാനിയുടെ പച്ചപ്പിനെ ഘട്ടം ഘട്ടമായുള്ള വീണ്ടെടുപ്പിന് തുടക്കം കുറിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. ഓരോ ജലസ്‌ത്രോസ്സുകളും നാളേക്കായി കാത്തു സൂക്ഷിക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കായലില്‍ കെട്ടിക്കിടന്ന  പായലും കുളവാഴകളും പറിച്ചെടുത്ത് കുട്ടയിലാക്കി സ്പീക്കറും ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി. പതിറ്റാണ്ടുകളായി നാശമായി കിടക്കുകയായിരുന്നു ബിയ്യം കായലിലെ കുളിക്കടവ്.   ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് വേണ്ടി ഹരിത കേരള മിഷന് കീഴില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായാണ് പൊന്നാനി നഗരസഭ ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തെ കുളിക്കടവ് ഉപയോഗപ്രദമാക്കുന്നത്.

പതിറ്റാണ്ടുകളോളം നാട്ടുകാരും ദൂരെ ദിക്കുകളില്‍ നിന്നുള്ളവരുമുള്‍പ്പെടെ നിരവധി പേരാണ് ഈ കുളിക്കടവില്‍ കുളിക്കാനെത്തിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പായലും, കുളവാഴകളും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഇവ ശാസ്ത്രീയമായി നീക്കം ചെയ്ത് ഈ ജലസ്രോതസിനെ വീണ്ടെടുക്കുകയാണ് നഗരസഭ.

ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, എന്‍.സി.സി കേഡറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു. ഹിറ്റാച്ചിയും  മറ്റു ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു ശൂചികരണം.