പുഴകളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യാന്‍ നടപടി

post

കണ്ണൂര്‍:  ജില്ലയിലെ പുഴകളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ച് ചേര്‍ത്തത്. പുഴകളില്‍ മണലും ചെളിയും മരങ്ങള്‍ അടക്കമുള്ള വസ്തുക്കളും അടിഞ്ഞ്കൂടിയത് സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നതായും അപകടങ്ങള്‍ക്ക് വഴിവെക്കുന്നതായും ജില്ലാ പഞ്ചായത്ത് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
 
പുഴകളില്‍ എവിടെ നിന്നൊക്കെ മണലും മറ്റും നീക്കം ചെയ്യണമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതുപ്രകാരം മണലും മറ്റും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തന പരിപാടി രൂപീകരിക്കാന്‍ സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെ ചുമതലപ്പെടുത്തി.
 
നീക്കം ചെയ്യുന്ന മണല്‍ ലൈഫ് പോലുള്ള സര്‍ക്കാര്‍ സ്‌കീമുകളില്‍ വീടുവെക്കുന്നവര്‍ക്കും സര്‍ക്കാര്‍ പ്രവൃത്തികള്‍ക്കുമായി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. ഇതോടൊപ്പം പുഴകളുടെ സംരക്ഷണവും സൗന്ദര്യവല്‍ക്കരണവും ജില്ലാ പഞ്ചായത്തിന്റെ 'അഴുക്കില്‍ നിന്ന് അഴകിലേക്ക്' പദ്ധതിയില്‍പ്പെടുത്തി അതത് സ്ഥലത്തെ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് നിര്‍വഹിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് അറിയിച്ചു. പുഴയുടെ സംരക്ഷണത്തിന് ഓരങ്ങളില്‍ കണ്ടലും മുളകളും വെച്ച് പിടിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ നടപടികള്‍ ആരംഭിച്ചതായി പ്രസിഡണ്ട് പറഞ്ഞു.
 
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡെപ്യൂട്ടി കലക്ടര്‍ സജികുമാര്‍, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.