പ്ലാസ്റ്റിക് വേണ്ടേവേണ്ട; പുതുവര്‍ഷ പ്രതിജ്ഞയാക്കാം പ്ലാസ്റ്റിക്ക് നിരോധനം

post

തിരുവനന്തപുരം: ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പ്രാബല്യത്തിലേക്ക്. പുതുവര്‍ഷ പ്രതിജ്ഞയായി പ്ലാസ്റ്റിക് നിരോധനത്തെ സ്വീകരിച്ചാല്‍ പരിസ്ഥിതി സംരക്ഷണം എളുപ്പമാക്കാം. ഭാവി തലമുറക്കുകൂടി വേണ്ടിയുള്ള പ്രകൃതി സംരക്ഷണത്തിന് പ്ലാസ്റ്റിക് നിരോധനം വീടുകളില്‍ നിന്നും ആരംഭിച്ചാല്‍ നമുക്ക് ചുറ്റും ദിനംപ്രതി കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യ വിപത്തിനെ അനായാസം തുരത്താനാകും. 

പരിസ്ഥിതി വകുപ്പ് ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് നിരോധനം പുതുവര്‍ഷ ദിനത്തില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന തരം കുപ്പികള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോ, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ ക്യാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ബൗളുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫല്‍ഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, വാട്ടര്‍ പൗച്ചുകള്‍, ബ്രാന്റഡ് അല്ലാത്ത ജ്യൂസ് പാക്കറ്റുകള്‍ (ബ്രാന്റഡ് ജ്യൂസ് പാക്കറ്റുകള്‍ക്ക് Extended Producers Responsibility (EPR) ബാധകമാണ്), PET/PETE  കുടിവെള്ള ബോട്ടിലുകള്‍  (300 മില്ലി കപ്പാസിറ്റിക്ക് താഴെ), (500 മില്ലിക്ക് മുകളില്‍ വരുന്ന കുടിവെള്ള PET ബോട്ടിലുകളും എ്ല്ലാ അളവിലുമുള്ള ബ്രാന്‍ഡഡ് ജ്യൂസ് ബോട്ടിലുകള്‍ക്കും EPR ബാധകമാണ്), ഗാര്‍ബേജ് ബാഗ്, പിവിസി ഫല്‍ക്സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്സ് എന്നിവയുടെ വില്‍പ്പന/ഉപയോഗം കുറ്റകരമാണ്. വ്യക്തികളോ കമ്പനികളോ, സ്ഥാപനങ്ങളോ, വ്യവസായമോ മേല്‍പ്പറഞ്ഞ വസ്തുക്കള്‍ നിര്‍മിക്കുകയോ സൂക്ഷിക്കുകയോ കൊണ്ടുപോകുകയോ വില്‍പ്പന നടത്തുകയോ ചെയ്യുവാന്‍ പാടില്ല. നിയമം ലംഘിക്കുന്ന പക്ഷം പിഴ ഈടാക്കും. നിയമ ലംഘനം നടത്തുകയാണെങ്കില്‍ 10,000 രൂപയാണ് പിഴ ഈടാക്കുന്നത്. നിയമം ലംഘിച്ചതിന് ആദ്യതവണ പിഴ ഒടുക്കിയിട്ടും വീണ്ടും കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം 25,000 രൂപ ആയിരിക്കും പിഴ ഈടാക്കുക. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയും ഇതോടൊപ്പം സ്ഥാപനത്തിന്റെ / നിര്‍മ്മാണ പ്രവര്‍ത്തനാനുമതി റദ്ദാക്കും.

വില്‍പ്പന കേന്ദ്രങ്ങളില്‍ പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ക്കും നിരോധനം ബാധകമാണ്. അതേസമയം മുന്‍കൂട്ടി അളന്ന് വെച്ചിരിക്കുന്ന ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍, മുറിച്ച് വച്ചിരിക്കുന്ന മത്സ്യമാംസാദികള്‍ എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് വസ്തുക്കള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിശദമായി അറിയാന്‍ https://kerala.gov.in/gos/circulars  സന്ദര്‍ശിക്കുക (പരിസ്ഥിതി (ബി) വകുപ്പ് ഉത്തരവ് - സ.ഉ.(കൈ)നം. 7/2019/പരി. , സ.ഉ.(കൈ)നം. 6/2019/പരി.

വീഡിയോ കാണാം
https://www.facebook.com/1452674061718877/posts/2500448066941466/