നാടിന്റെ പുരോഗതി സ്ത്രീകളുടെ അഭിവൃദ്ധിയിലൂടെ മാത്രം: മന്ത്രി ഇ പി ജയരാജന്‍

post

കണ്ണൂര്‍ : സ്ത്രീകളുടെ അഭിവൃദ്ധിയിലൂടെ മാത്രമേ നാടിന് വളര്‍ച്ചയുണ്ടാവുകയുള്ളൂ എന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. സ്ത്രീകളുടെ ഉയര്‍ച്ചയിലൂടെയാണ് കുടുംബം ഐശ്വര്യപൂര്‍ണമാകുന്നതെന്നും അതിനുള്ള വേദിയാണ് കുടുംബശ്രീയെന്നും മന്ത്രി പറഞ്ഞു. ദേശീയ സരസ് മേളയുടെ പതിനൊന്നാം ദിനം നടന്ന സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം വികസിപ്പിച്ചെടുത്ത സ്ത്രീ ശാക്തീകരണ സംരംഭമാണ് കുടുംബശ്രീ. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകളെ ഉയര്‍ത്തി കൊണ്ടുവരാനും അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, വരുമാനം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്താനുമുള്ള പദ്ധതികള്‍ ഒരുക്കുന്നതിനുമായി ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്. സ്വയം തൊഴില്‍ കണ്ടെത്താനും ധൈര്യവും ആത്മവിശ്വാസവും നല്‍കി സ്ത്രീ ശക്തി സമാഹരിക്കാനും ഇതിലൂടെ സാധിച്ചു. ആയിരത്തോളം സുക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ കുടുംബശ്രീയുടെ ഭാഗമായി കേരളത്തില്‍ ഇന്നുണ്ട് മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഒട്ടനവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.എല്ലാവര്‍ഷവും ഇത്തരം മേളകള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.  കണ്ണൂരില്‍ ഇത്തരം മേളകള്‍ സംഘടിപ്പിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷന്‍ സെന്റര്‍ മട്ടന്നൂരില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ ഷാജു അധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.