സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും

post

പരിപാടികള്‍ പൂര്‍ണമായും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തും

പാലക്കാട്: 73-മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പൂര്‍ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് ഒത്തുച്ചേരല്‍ ഒഴിവാക്കിയാണ് ദിനാചരണം നടത്തുക. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കോവിഡ് രോഗപ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ (രണ്ട് പേര്‍), സ്റ്റാഫ് നഴ്സ് (രണ്ട് പേര്‍), മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ (രണ്ട് പേര്‍), ശുചീകരണ തൊഴിലാളികള്‍ (രണ്ടു പേര്‍) എന്നിവരെ ആദരിക്കും. കൂടാതെ, ജില്ലയില്‍ കോവിഡ് രോഗ വിമുക്തരായ മൂന്നുപേരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ പൂര്‍ണമായും പാലിക്കും. കൂടാതെ, തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും ഉറപ്പാക്കും.