സഭ ടിവി 17ന് ലോക്സഭ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

post

ഒ.ടി.ടി പ്ലാറ്റ്ഫോമും ഒരുക്കും

തിരുവനന്തപുരം: കേരള നിയമസഭയുടെ ആഭിമുഖ്യത്തിലുള്ള സഭ ടിവി ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള 17ന് ഉച്ചയ്ക്ക് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കര്‍ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കക്ഷി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. നിയമസഭാ സാമാജികര്‍ വെര്‍ച്വല്‍ അസംബ്ളിയിലൂടെ പങ്കെടുക്കും.

ഇന്ത്യയിലെ നിയമസഭാ ചരിത്രത്തിലെ ശ്രദ്ധേയമായ കാല്‍വയ്പ്പാണ് സഭാ ടിവിയെന്ന് സ്പീക്കര്‍ പറഞ്ഞു. വിവിധ ടിവി ചാനലുകളുടെ ടൈംസ്ളോട്ട് വാങ്ങിയാവും പരിപാടികള്‍ സംപ്രേഷണം ചെയ്യുക. കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സഭയും സമൂഹവും ബില്ലിന്റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്ന കേരള ഡയലോഗ്, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രതിഭകളുമായുള്ള സംവാദം അടങ്ങുന്ന സെന്‍ട്രല്‍ ഹാള്‍, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകള്‍, ചരിത്രപ്രാധാന്യം, വിവിധ രംഗങ്ങളിലെ മണ്ഡലത്തിന്റെ പുരോഗതി കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നിങ്ങളെ നാലു വിഭാഗങ്ങളിലാണ് പരിപാടികള്‍.

സഭാ ടിവിയുടെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ഭാഗമായി ഒ.ടി.ടി പ്ളാറ്റ്ഫോമും തയ്യാറാക്കും. കലാമൂല്യമുള്ളതും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതുമായ സിനിമകള്‍ ഉള്‍പ്പെടെ വിവിധ കലാരൂപങ്ങള്‍ സഭയുടെ ഒ.ടി.ടി പ്ളാറ്റ്ഫോമിലൂടെ നല്‍കാനാവുമെന്ന് സ്പീക്കര്‍ പറഞ്ഞു.

കേരള നിയമസഭ കടലാസ്രഹിതമാക്കാനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തോടെ ഇത് പൂര്‍ണമാകും. ഭരണ, പ്രതിപക്ഷത്തുള്ള 20 എം. എല്‍. എമാരെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത് ഒരു ടീം രൂപീകരിക്കും. ഇവര്‍ പൂര്‍ണമായും കടലാസ്രഹിത നിയമഭയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രണ്ട് എം. എല്‍. എമാര്‍ക്ക് വീതം ബെസ്റ്റ് ഡിജിറ്റല്‍ ലെജിസ്ലേച്ചര്‍ അവാര്‍ഡ് നല്‍കും. പൊതുസമൂഹത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാനായി മാതൃകാ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പോസിറ്റീവ് സോഷ്യല്‍ മീഡിയ മാനേജ്മെന്റിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട എം. എല്‍. എമാര്‍ക്ക് ഡിജിറ്റല്‍ സിറ്റിസണ്‍ ലീഡര്‍ഷിഷ് അവാര്‍ഡും നല്‍കും. നിയമസഭയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ പ്രത്യേക മാതൃക പദ്ധതികള്‍ നടപ്പിലാക്കും. 2020ലെ കേരള ധനകാര്യ ബില്ലുകള്‍ പാസാക്കുന്നതിനായി 24ന് സഭ ചേരുമെന്ന് സ്പീക്കര്‍ പറഞ്ഞു.