ഡോക്‌സി ഡേ ;19894 പേര്‍ക്ക് പ്രതിരോധ ഗുളിക നല്‍കി

post

വയനാട്: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച ജില്ലയില്‍ നടത്തിയ ഡോക്സി ഡേയില്‍ 19894 ആളുകള്‍ക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലാകെ ഒരുക്കിയ 70 ഡോക്‌സി കിയോസ്‌കുകള്‍ വഴിയാണ് ഗുളികകള്‍ വിതരണം ചെയ്തത്.  ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 5489 നോട്ടീസുകളും വിതരണം ചെയ്തു. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, 676 സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി.

കനത്ത മഴയില്‍ ജില്ലയിലെ പല സ്ഥലങ്ങളിലും വെളളം കയറിയത് മൂലം എലിപ്പനി  പകര്‍ച്ചയ്ക്ക് സാധ്യത കൂടിയതിനാലാണ്  ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം സംയുക്തമായി ആഗസ്റ്റ് 13 മുതല്‍ തുടര്‍ച്ചയായ നാല് വ്യാഴാഴ്ചകളില്‍ ഡോക്‌സി ഡേ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. മുന്‍ വര്‍ഷങ്ങളിലും പ്രളയാനന്തരം ഫലപ്രദമായി എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിനാല്‍ മരണ നിരക്ക് കുറക്കാന്‍  സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡോക്‌സി ഡേ-കളില്‍ (ആഗ്സ്റ്റ് 20,27, സെപ്റ്റംബര്‍ 3) മലിനജല സംമ്പര്‍ക്ക സാധ്യതയുളള  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ക്യഷിപ്പണികളില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിപാലകര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഓരോ ഡോസ് ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിച്ച് എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.