സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

post

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും. എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരരെന്നനിലയിൽ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമാതൃക കാട്ടേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി  സംഭാവനചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരത സൃഷ്ടിക്കായി നമുക്ക് ഒന്നിക്കാമെന്ന് ഗവർണർ ആശംസിച്ചു.

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സർക്കാരിന്റെ നയം. ആരുടേയും അന്നം മുട്ടാത്തതരത്തിൽ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി.

വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ ഉയർച്ചയിലേയ്ക്കുള്ള വാതിൽ എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കോവിഡ് കാലത്തും നമ്മുടെ കുട്ടികളുടെ പഠനവും പരീക്ഷയും മുടങ്ങാതിരിക്കാനുള്ള നടപടികൾ നാം സ്വീകരിച്ചു. പരീക്ഷകളെല്ലാം വിജയകരമായി പൂർത്തിയാക്കി. ഉപരിപഠനത്തിനുള്ള അവസരമൊരുക്കി. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നതിനും സാധിച്ചു. ജനപിന്തുണയോടെയാണ് ഇതെല്ലാം സാധ്യമാക്കിയത് എന്നതാണ് സർക്കാരിന്റെ അഭിമാനം.

കോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്ധാഭിപ്രായങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത്. യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അർത്ഥം. ഭേദ ചിന്തകൾക്ക് അതീതമായി മാനവികത വളർത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യം. ദളിത് ന്യൂനപക്ഷ പിന്നോക്ക ദുർബല വിഭാഗങ്ങളെ കൈപിടിച്ചുയർത്തി നമുക്കു മുൻപോട്ടു പോകേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായി പോയവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടല്ലാതെ വികസനം സാധ്യമാക്കാനാകില്ല.

സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങൾക്കാകെ ഈ മഹാമാരിയുടെ കാലത്തും ആശ്വാസമേകാൻ സർക്കാരിനായിട്ടുണ്ട്. ഏതുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. അതിന്റെ പിൻബലത്തിലാണ് വലിയ തോതിലുള്ള വികസനവും സർവ്വ മേഖലയിലുമുള്ള വലിയ മുന്നേറ്റവും ഇനിയും നമുക്ക് ആർജിക്കേണ്ടത്.

മുഴുവൻ  ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങൾ  ഉയർത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിൽ നമുക്കൊന്നായി കൈകോർക്കാം. ബഹുസ്വരതയുടെ വർണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാം. സർവ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.