പ്രതിസന്ധികളെ ഐക്യത്തോടെ നേരിടണം - ജില്ലാ കളക്ടര്‍

post

വയനാട് : രാജ്യം അസാധാരണമായ രോഗവ്യാപനത്തിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. 74 മത് സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ. എം.ജെ സ്‌കൂള്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അവര്‍. കഴിഞ്ഞ കാല പ്രളയങ്ങളെ ഒറ്റക്കെട്ടായി നേരിട്ടതു പോലെ മഹാമാരിക്കെതിരെയും ഭേദ ചിന്തകള്‍ക്ക് അതീതമായ മനസോടെ പ്രതിരോധം തീര്‍ക്കണം. ആയിരക്കണക്കിന് ദേശസ്നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ കരുത്തുറ്റ പോരാട്ട വീര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും. നമ്മുടെ സംസ്‌ക്കാരത്തേയും ഐക്യത്തേയും മുറുകെ പിടിക്കാന്‍ നാം സസൂക്ഷമം ശ്രദ്ധിക്കണം. അത് നമ്മുടെ ഉത്തരവാദിത്വവുമാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ചേര്‍ത്ത് നിര്‍ത്തുന്ന അതിര്‍ത്തികള്‍ കാക്കുന്ന പട്ടാളക്കാര്‍ മുതല്‍ കോവിഡ് എന്ന മഹാമാരിയെ തുരുത്താന്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍വരെയുളള  ഓരോ ജനവിഭാഗത്തേയും നന്ദിയോടെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. കരുതലിന്റെയും അതിജീവനത്തിന്റെയും സ്വാതന്ത്ര്യദിന ആശംസകള്‍ ഏവര്‍ക്കും നേരുന്നതായും അവര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, രോഗത്തെ അതിജീവിച്ചവര്‍ എന്നിവരെ പ്രതിനിധീകരിച്ച് എത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. മഹേഷ്, ഡോ.അനീഷ് പരമേശ്വരന്‍, സ്റ്റാഫ് നഴ്സുമാരായ പി.അര്‍ച്ചന, നിതീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എസ്. മനോജ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് പി.പി മായ, നഴ്സിംഗ് അസിസ്റ്റന്റ് കെ.ജി റീന, അറ്റന്‍ഡന്റ് പി.സി വല്‍സല, ആശാവര്‍ക്കര്‍ ഇ.കെ സിന്ധു, കണ്ടിജന്റ് വര്‍ക്കര്‍മാരായ പ്രസാദ്, സുരേന്ദ്രന്‍ , കോവിഡ് രോഗത്തെ അതിജീവിച്ചവരായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മെര്‍വിന്‍, സ്റ്റാഫ് നഴ്സ് ഫാത്തിമ, ബി.എസ്.എഫ് ജവാന്‍ പ്രജീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, കല്‍പ്പറ്റ നഗരസഭ ചെയര്‍ പേഴ്സണ്‍ സനിതാ ജഗദീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.