വര്‍ക്കല നഗരസഭയ്ക്ക് ശുചിത്വ പദവി അംഗീകാരം

post

തിരുവനന്തപുരം:  ഖര മാലിന്യ സംസ്‌ക്കരണ രംഗത്തെ പ്രവര്‍ത്തന മികവിന് തദ്ദേശ സ്വയംഭരണ തലത്തിലുള്ള ഹരിത കേരള മിഷന്റെ ശുചിത്വ പദവി അംഗീകാരം വര്‍ക്കല നഗരസഭ കരസ്ഥമാക്കി. ശുചിത്വ പദവിയുടെ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം വി. ജോയ് എം.എല്‍.എ നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍ മുന്നോട്ടുവെച്ച ഒന്‍പത് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് വര്‍ക്കല നഗരസഭ പുരസ്‌കാരം സ്വന്തമാക്കിയത്. വര്‍ക്കല നഗരസഭയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നടന്നുവരുന്ന ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തങ്ങളുടെ മികവും അവ നടപ്പിലാക്കുന്ന രീതിയും ഹരിതകേരളം മിഷന്‍ വിലയിരുത്തി. വര്‍ക്കല നഗരസഭ ചെയര്‍പേഴ്സന്‍ ബിന്ദു ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അനിജോ, ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലതികാ സത്യന്‍, നഗരസഭാ സെക്രട്ടറി സജി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ്, ഹരിത കേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എല്‍.എയുട നേതൃത്വത്തില്‍ ശുചിത്വ പദവി പ്രതിജ്ഞയും ഏറ്റുചൊല്ലി. വര്‍ക്കലയ്ക്കു പുറമേ ആറ്റിങ്ങല്‍, നെടുമങ്ങാട് നഗരസഭകളും ജില്ലയിലെ 32 പഞ്ചായത്തുകളും ശുചിത്വ പദവി അംഗീകാരം കരസ്ഥമാക്കി