ഭരണഘടനാ മൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന് നിലനില്‍പ്പില്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

post

കാസര്‍കോട് : പൗരാണിക കാലം മുതലുളള ഈ നാടിന്റെ ചിന്താശേഷിയും കര്‍മശേഷിയും ധര്‍മ്മബോധവും ഉള്‍ചേരുന്നതാണ് ലോകത്തിന് തന്നെ മാത്യകയായ ഇന്ത്യന്‍ ഭരണഘടനയെന്നും ഭരണഘടനാമൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഇന്ത്യന്‍ റിപ്പബ്ലിക്കിന് നിലനില്‍പ്പില്ലെന്നും റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തെ ശാശ്വതമാക്കിയത് ദേശീയ ബോധത്തിന്റെ അടിസ്ഥാനത്തിലും നമ്മുടെ ഭരണഘടനയുടെ കരുത്തിലും നാം സൃഷ്ടിച്ച സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലൂടെയാണ്. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്ന ഈ ദേശത്തെ വ്യക്തമായ ജനാധിപത്യ മതേതരമൂല്യങ്ങളില്‍ അധിഷ്ഠിതമായ കരുത്തുറ്റ ഒരു രാഷ്ട്രമാക്കി നില നിര്‍ത്തുന്നത് ബൃഹത്തായ നമ്മുടെ ഭരണഘടനയാണ്. ജീവന്‍ നല്‍കിയും ഭരണഘടനയ സംരക്ഷിക്കേണ്ടത് യാഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ പ്രഥമ കടമയാണ്. 25 ഭാഗങ്ങളും 12 ഷെഡ്യൂളുകളും 400 ല്‍ അധികം ആര്‍ട്ടിക്കിളുകളും ചേര്‍ന്ന ഭരണഘടന രാജ്യത്ത ഏറ്റവും ചെറിയ വിഭാഗത്തിന്റെ അവകാശങ്ങളെപ്പോലും അഭിസംബോധന ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ 22 ഔദ്യോഗിക ഭാഷകള്‍ ഉള്ളപ്പോള്‍ തന്ന 1652 മാതൃഭാഷകള്‍ ഉണ്ട്. ലോകത്തെ എല്ലാ പ്രധാന മതങ്ങളും ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. 3000ല്‍ അധികം ജാതികളും 25000ലധികം ഉപജാതികളും ഇവിടെയുണ്ട്. നരവംശ ശാസ്ത്രപരമായ മിക്ക വിഭാഗങ്ങളെയും ഇവിടെക്കാണാം. മഞ്ഞുമലകളും സമുദ്രതീരങ്ങളും മഴക്കാടുകളും മരുഭൂമികളും മഹാനദികളും തടാകങ്ങളും നിറഞ്ഞ ഈ ഭൂപ്രദേശത്തിന്റെ മനോഹാരിത പോലെതന്നെയാണ് വിവിധ സാംസ്‌കാരിക പൈതൃകങ്ങള്‍ സാഭിമാനം പേറുന്ന വ്യത്യസ്ത ജനവിഭാഗങ്ങള്‍ കൈകോര്‍ത്തു നില്‍ക്കുന്ന ഈ ജനതയുടെ സൗന്ദര്യവും. കലാപങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും കരിനിഴലിനെ സാഹോദര്യത്തിന്റെ സൂര്യശോഭ കൊണ്ട് ഇന്ത്യക്കാര്‍ മായ്ച്ചുകളഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19. ലോകമാകെ രണ്ട് കോടിയിലധികം പേര്‍ രോഗികളായി. ഏഴര ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. രാജ്യമൊന്നാകെ ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ്. കേരളമാകട്ടെ കോവിഡ് മഹാമാരിക്ക് പുറമെ ഇപ്പോള്‍ പ്രളയത്തിന്റെ തീക്ഷ്ണത കൂടി അനുഭവിക്കുകയാണ്. മൂന്നാര്‍ പെട്ടിമുടിയിലെ പ്രകൃതിക്ഷോഭത്തില്‍ നിരവധി വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. കരിപ്പൂര്‍ വിമാനാപകടത്തിലും നിരവധി സഹാദരങ്ങള നഷ്ടപ്പെട്ടു. ഇവിടെയൊക്കെ ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ കരുത്തില്‍ ആഘാതത്തെ കുറച്ചെങ്കിലും ലഘൂകരിക്കാന്‍ നമുക്ക് കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെ നമ്മുടെ ഐക്യം മറ്റ് സമയങ്ങളിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും കൂടി തീവ്രമായി വ്യാപിപ്പിച്ചാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ ലോകത്തെ നയിക്കുന്ന രാജ്യമായി മാറും.  അധാര്‍മികവും കൃത്രിമവും യുക്തിരഹിതവും മനുഷ്യത്വരഹിതവുമായ എല്ലാ ഭിന്നതകളേയും ജനമനസില്‍ നിന്ന് ഒറ്റക്കെട്ടായി നമുക്ക് പുറത്താക്കാം. പരസ്പരം സ്‌നേഹിക്കുന്നതിലും സഹായിക്കുന്നതിലും തീവ്രത കാട്ടിയാല്‍ നമ്മുടെ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോവിഡ്-19ന്റെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്് ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.  വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജിസി ബഷീര്‍, ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു, കാസര്‍കോട്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടി, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം എന്‍ ദേവീദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. പരേഡിന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പി നാരായണന്‍ നേതൃത്വം നല്‍കി. എസ് ഐ സി വി ശ്രീധരന്‍ സെക്കന്റ് കമാന്‍ഡറായി. പരേഡില്‍ പോലീസ് വിഭാഗത്തിന്റെ മൂന്ന് ട്രൂപ്പും എക്‌സൈസിന്റെ ഒരു ട്രൂപ്പും ഉള്‍പ്പടെ നാലു ട്രൂപ്പുകള്‍ മാത്രമാണ് അണിനിരന്നത്. പ്ലാറ്റൂണ്‍ കമാന്‍ഡര്‍ എസ് ഐ അശോകന്റെ നേതൃത്വത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ട്രൂപ്പും എസ്ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസും എസ്ഐ രൂപ വനിതാ വിഭാഗത്തിനും എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഫല്‍ എക്സൈസ് വിഭാഗത്തിനും നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല.

ക്ഷണിതാക്കളായി ആരോഗ്യപ്രവര്‍ത്തകര്‍

കോവിഡ് പ്രതിരോധ മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികള്‍ പ്രത്യേക ക്ഷണിതാക്കളായി ആഘോഷ ചടങ്ങില്‍ എത്തിയിരുന്നു. ഡോ. എം കുഞ്ഞിരാമന്‍ (മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, ജനറല്‍ ആശുപത്രി), ഡോ.റിജിത്ത് കൃഷ്ണന്‍ (ആര്‍എംഒ ജില്ലാ ആശുപത്രി), ഡോ. എ എസ് ശമീമ തന്‍വീര്‍ (ചെങ്കള പിഎച്ച് സി മെഡിക്കല്‍ ഓഫീസര്‍) എന്നിവര്‍ ഡോക്ടര്‍മാരുടെ പ്രതിനിധികളായും രജനി (സ്റ്റാഫ് നഴ്സ്, ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം), ടി എം സലീം (സ്റ്റാഫ് നഴ്സ്, ജനറല്‍ ആശുപത്രി) എന്നിര്‍ നഴ്സുമാരെ പ്രതിനിധീകരിച്ചുമെത്തി.  ഗിരിജ (നഴ്സിങ്ങ് അസിസ്റ്റന്റ്, ജനറല്‍ ആശുപത്രി), കെ നാരായണന്‍ (ഹോസ്പിറ്റല്‍ അറ്റന്റന്റ്, പിഎച്ച്സി തുരുത്തി) എന്നിവര്‍ പാരാമെഡിക്സ് വിഭാഗത്തിനെ പ്രതിനിധീകരിച്ചും കെ സി ദിലീപ് കുമാര്‍ (മംഗല്‍പാടി താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), മോളി മാത്യു (ജെപിഎച്ച്എന്‍, സിഎച്ച്സി മുളിയാര്‍) എന്നിവര്‍ സാനിറ്റേഷന്‍ പ്രവര്‍ത്തകരെ പ്രതിനിധീകരിച്ചും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടി കെ വി രാജേഷും എമര്‍ജെന്‍സി ടെക്നീഷ്യര്‍ക്ക് വേണ്ടി റോബിന്‍ ജോസഫും എത്തി.  കോവിഡ് രോഗവിമുക്തരായവരെ പ്രതിനിധീകരിച്ച് ശീബ (ആശ വര്‍ക്കര്‍-ചെറുവത്തൂര്‍), പി വി റംസാന്‍ (കാഞ്ഞങ്ങാട്), വിവേക് (കുട്ടമത്ത്) എന്നിവരും പ്രത്യേക ക്ഷണിതാക്കളായി.

 പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. സംസ്ഥാന പൊതു ഭരണ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം പൂര്‍ണ ജാഗ്രതയിലായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്. സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ഗൈഡ്‌സ്, എന്‍സിസി ജൂനിയര്‍ ഡിവിഷന്‍ എന്നി വിഭാഗങ്ങള്‍ക്ക് ഇത്തവണ പരേഡില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. 65 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരയും 10 വയസില്‍ താഴെയുള്ള കുട്ടികളെയും പരേഡ് വീക്ഷിക്കുന്നതിനായി പങ്കെടുക്കാന്‍ അനുവദിച്ചില്ല.  സാംസ്‌ക്കാരികപരിപാടികള്‍ ഉണ്ടായിരുന്നില്ല.  ആഘോഷ ചടങ്ങില്‍ മെഡലുകളോ മറ്റുപുരസ്‌ക്കാരങ്ങളോ വിതരണം ചെയ്തില്ല. ലഘുഭക്ഷണ വിതരണവും ഉണ്ടായില്ല. ആഘോഷ പരിപാടിയില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനിങ് ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ചടങ്ങ്. രാവിലെ കൃത്യം ഒമ്പതിന് ആരംഭിച്ച പരിപാടി 9.12ന് സമാപിച്ചു.